
പൊന്നാനി: പൊന്നാനിയിലെ മീനുകള്‍ ഇനി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണത്തിനെത്തും. ഇതിനായുള്ള മത്സ്യ സംസ്‌കരണ കേന്ദ്രം യാഥാര്‍ഥ്യമാകുന്നു. കേന്ദ്രത്തിനായി 1.43 കോടി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഹാര്‍ബറിലെ 25 സെന്റ് സ്ഥലത്താണ് കേന്ദ്രം ഒരുങ്ങുക. തീരദേശ വികസന കോര്‍പറേഷനാണ് പദ്ധതി ചുമതല. സെന്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയാണ് സാങ്കേതിക സഹായം നല്‍കുന്നത്.
സംസ്ഥാനത്ത് അഞ്ച് സംസ്‌കരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ ഒന്നാണ് പൊന്നാനിയിലേത്. കൊല്ലത്ത് പദ്ധതി വിജയകരമായതോടെയാണ് അഞ്ച് കേന്ദ്രങ്ങള്‍കൂടി ആരംഭിക്കുന്നത്. പദ്ധതിക്ക് മുന്നോടിയായി കഴിഞ്ഞ മാസം തീരദേശ വികസന കോര്‍പറേഷന്‍ എംഡി ഷെയ്ഖ് പരീദിന്റെ നേതൃത്വത്തിലുള്ള സംഘം ഹാര്‍ബറിലെത്തി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇനി കടല്‍കടക്കും പൊന്നാനിയിലെ മത്സ്യതൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി രാജ്യത്തിനകത്തും പുറത്തും വിതരണംചെയ്യും. തനത് മത്സ്യ ഉല്‍പ്പന്നങ്ങള്‍തൊട്ട് വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റിയയക്കും. നൂറുകണക്കിന് മത്സ്യതൊഴിലാളി വനിതകള്‍ക്ക് ഇതിലൂടെ തൊഴില്‍ ലഭിക്കും. വനിതാ ശാക്തീകരണത്തോടൊപ്പം തീരത്തിന്റെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം.
സമ്പൂര്‍ണമായി സൗരോര്‍ജത്തിലായിരിക്കും കേന്ദ്രം പ്രവര്‍ത്തിക്കുക. മത്സ്യം കേന്ദ്രത്തിനുള്ളില്‍തന്നെ ഉണക്കുന്നതിനുള്‍പ്പെടെ ആധുനിക സംവിധാന മെഷിനറി, സോളാര്‍ പ്ലാന്റ് എന്നിവ ഒരുക്കും. മത്സ്യതൊഴിലാളികളില്‍നിന്ന് ന്യായ വിലയ്ക്ക് നേരിട്ട് മത്സ്യം വാങ്ങുന്നതോടെ മത്സ്യതൊഴിലാളികളുടെ സങ്കടത്തിനും അറുതിയാവും. ഓണ്‍ലൈനായും വില്‍പ്പന മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കും ജോലി ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സംവിധാനം ഉപയോഗപ്പെടുത്തും. വിദേശത്തേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തും.




