
വള്ളിക്കുന്ന്:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പടുതാകുളം പദ്ധതിയുടെ മത്സ്യ കൊയ്ത്തിന്റെ ഉദ്ഘാടനം വള്ളിക്കുന്ന് പഞ്ചായത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ നിര്‍വഹിച്ചു. വളളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ വില്ലറായി മുസ്തഫയുടെ മത്സ്യക്കുളത്തിലാണ് വിളവെടുപ്പ് നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണ് പഞ്ചായത്തുകളുടെ സഹായത്തോടുകൂടി ഈ പദ്ധതിക്ക് രൂപം നല്‍കിയത്.
വീട്ടുവളപ്പില്‍ കുളങ്ങള്‍ നിര്‍മിച്ച് മത്സ്യം വളര്‍ത്തുന്ന രീതിയാണ് പടുതാകുളം. 1,23,000 രൂപയാണ് പദ്ധതിച്ചെലവ്. ഇതില്‍ 32,400 രൂപ ഗ്രാമപഞ്ചായത്തും 16,400 രൂപ ഫിഷറീസ് വകുപ്പും വഹിക്കും. ബാക്കി തുകയായ 73,800 രൂപ കര്‍ഷകവിഹിതവുമാണ്. 49,200 രൂപ സര്‍ക്കാരില്‍ നിന്ന് സബ്‌സിഡി ലഭിക്കും. വള്ളിക്കുന്ന് പഞ്ചായത്തില്‍ നാലാമത്തെ പടുതാക്കുളത്തിലാണ് മത്സ്യ കൊയ്ത്ത് നടക്കുന്നത്.
1000 മത്സ്യകുഞ്ഞുങ്ങളെയാണ് പദ്ധതിയുടെ ഭാഗമായി വിളയിറക്കുന്നത്. വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ, വൈസ് പ്രസിഡന്റ് മനോജ് കുമാര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബുരാജ്, അജയ്‌ലാല്‍, കബീര്‍ എന്നിവര്‍ പങ്കെടുത്തു.




