HIGHLIGHTS : First rank in Ease of Doing Business will create revolutionary changes in the development of Kerala; Minister MB Rajesh
കോഴിക്കോട്:കേരളം ബിസിനസ് സൗഹൃദമല്ലെന്ന പതിവ് പ്രചാരണങ്ങള്‍ക്കിടയിലും ഈസ് ഓഫ് ബിസിനസ് ഡൂയിംഗ് റാങ്കിംഗില്‍ രാജ്യത്ത് ഒന്നാമതെത്താനായത് സംസ്ഥാനത്തിന്റെ
വികസനത്തില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ജൂബിലി ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്തും ആന്ധ്രാപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ പിന്‍തള്ളിയാണ് ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ രാജ്യത്ത് ഒന്നാമതെത്താന്‍ കേരളത്തിന് സാധിച്ചത്. ഈ നേട്ടം കൈവരിക്കാനുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പുകളില്‍ വ്യവസായ വകുപ്പിനൊപ്പം വലിയ പങ്കുവഹിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് സാധിച്ചതായും മന്ത്രി പറഞ്ഞു.
റാങ്കിംഗില്‍ കേരളത്തിന് ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍ നേടിക്കൊടുത്ത 9 കാര്യങ്ങളിലൊന്ന് തദ്ദേശ സ്ഥാപനതലത്തില്‍ ബിസിനസ് സംരംഭങ്ങള്‍ക്കാവശ്യമായ വിവിധ സര്‍ട്ടിഫിക്കറ്റുകളും അനുമതികളും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന ഏകജാലക സംവിധാനമാണ്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കിയ സംരംഭകത്വ വര്‍ഷം പദ്ധതിയും റാങ്കിംഗില്‍ നിര്‍ണായകമായി. ഇതിലൂടെ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് പദ്ധതിയിട്ട സ്ഥാനത്ത് 1,39,000ത്തിലേറെ സംരംഭങ്ങള്‍ തുടങ്ങാനായതായും മന്ത്രി പറഞ്ഞു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസിനൊപ്പം ജനജീവിതം കൂടുതല്‍ ആയാസരഹിതമാക്കുന്ന ഈസ് ഓഫ് ലിവിംഗ് എന്ന ലക്ഷ്യം കൈവരിക്കുകയെന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മൂന്ന് പ്രധാന കോര്‍പറേഷനുകളിലും തദ്ദേശ അദാലത്തുകള്‍ സംഘടിപ്പിച്ചതെന്നും മന്ത്രി അറിയിച്ചു. നിലവിലുള്ള കുടിശ്ശിക പരാതികള്‍ അദാലത്തിലൂടെ തീര്‍പ്പാക്കുകയും തുടര്‍ന്ന് അപേക്ഷകള്‍ കുടിശ്ശികയില്ലാത്ത വിധം സമയബന്ധിതമായി തീര്‍പ്പാക്കുകയും ചെയ്യുകയുമാണ് വകുപ്പ് ലക്ഷ്യമിടുന്നത്. നിലവില്‍ പരാതികള്‍ തീര്‍പ്പാവാതെ കിടക്കുന്നതിനുള്ള പ്രധാന കാരണം ചട്ടങ്ങളിലെ അവ്യക്ത കാരണം ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കാന്‍ മടിച്ചുനില്‍ക്കുന്നതാണ്. ഇത് പരിഹരിക്കുന്നതിനായി ചട്ടഭേദഗതികളിലൂടെ അവയില്‍ വ്യക്തത വരുത്തും.
പരിഷ്‌ക്കരണം ആവശ്യമായ ചട്ടങ്ങള്‍ കണ്ടെത്തുന്നതിനായി നേരത്തേ നടത്തിയ ശില്‍പശാലയില്‍ ഇത്തരം 106 ചട്ടങ്ങളിലായി 351 ഭേദഗതികള്‍ ആവശ്യമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനാവശ്യമായ നിയമഭേദഗതികള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. ഇതിനു പുറമെ ഇതുവരെ നടന്ന 10 അദാലത്തുകളിലെത്തിയ പരാതികളുടെ അടിസ്ഥാനത്തില്‍, വീടുകള്‍ നിര്‍മ്മിക്കുന്നതിന് ദേശീയപാതാ സര്‍വീസ് റോഡുകളില്‍ നിന്നുള്ള ആക്സസ് പെര്‍മിറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കല്‍, വസ്തു നികുതി കുടിശ്ശികയ്ക്കും വാടക കുടിശ്ശികയ്ക്കും കൂട്ടുപലിശ ഒഴിവാക്കി ക്രമപലിശ മാത്രം ഈടാക്കുക, പഞ്ചായത്തുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ കൂടി വീഡിയോ കോണ്‍ഫറന്‍സ് വഴി രജിസ്റ്റര്‍ ചെയ്യാന്‍ സ്വദേശത്തും വിദേശത്തുള്ളവര്‍ക്കും അനുമതി തുടങ്ങി നാല്‍പതോളം പൊതു തീരുമാനങ്ങള്‍ കൈക്കൊള്ളാനായതായും അവയുമായി ബന്ധപ്പെട്ട പല ഉത്തരവും ഇതിനകം ഇറങ്ങിയതായും മന്ത്രി പറഞ്ഞു. കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ ആവശ്യമായ പാര്‍ക്കിംഗ് സൗകര്യം അതേ പ്ലോട്ടില്‍ വേണമെന്ന നിയമത്തില്‍ മാറ്റം വരുത്തിയതാണ് മറ്റൊരു സുപ്രധാനമായ തീരുമാനം. ഇനി മുതല്‍ 25 ശതമാനം പാര്‍ക്കിംഗ് സൗകര്യം അതേ പ്ലോട്ടിലും ബാക്കി 75 ശതമാനം കെട്ടിടത്തിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് മതിയെന്നും അദ്ദേഹം അറിയിച്ചു. ഇതിനകം നടന്ന അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ 86 മുതല്‍ 99 ശതമാനം വരെ തീര്‍പ്പാക്കാനായതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, കെ എം സച്ചിന്‍ദേവ്, ലിന്റോ ജോസഫ്, കെ കെ രമ, ജില്ലാ കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ്, ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ്, മുനിസിപ്പല്‍ ചേംബര്‍ ചെയര്‍പേഴ്സണ്‍ കെ പി ബിന്ദു, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എന്‍ പി ബാബു, എല്‍എസ്ജിഡി റൂറല്‍ ഡയരക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ചീഫ് ടൗണ്‍ പ്ലാനര്‍ ഷിജി ചന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ് എന്നിവര്‍ സന്നിഹിതരായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതവും എല്‍എസ്ജിഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ നന്ദിയുംപറഞ്ഞു