ജിഷ വധക്കേസ്‌ അന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും; മന്ത്രിസഭാ തീരുമാനം

pinarayi-1തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇടതുമന്ത്രി സഭ ആദ്യം പരിഗണിച്ചത് ജിഷ വധക്കേസ്. ജിഷയുടെ കൊലപാതകം അന്വേഷിക്കാന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിഷയുടെ വീടിന്റെ നിര്‍മാണം 45 ദിവസത്തിനകം പൂര്‍ത്തിയാക്കി നല്‍കാനും ജിഷയുടെ അമ്മയ്ക്ക് 5000 രൂപ പെന്‍ഷന്‍ നല്‍കാനും തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജിഷയുടെ കൊലപാതകത്തില്‍ നാട്ടിലാകെ വല്ലാത്ത ഉത്കണ്ഠയുണ്ട്. മഹസര്‍ തയ്യാറാക്കിയത് മുതല്‍ ശവശരീരം ദഹിപ്പിച്ചത് വരെ സാധാരണ നടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നത്. ഇതെതുടര്‍ന്നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയതെന്ന് പിണറായി വ്യക്തമാക്കി. ജിഷയുടെ സഹോദരിക്ക് വാഗ്ദാനം ചെയ്ത ജോലി എത്രയും വേഗം നല്‍കുമെന്നും പിണറായി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രഖ്യാപിത നിയമന നിരോധനമുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. എല്ലാ വകുപ്പുകളിലെയും ഒഴിവുകള്‍ പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിലെ പുരോഗതി ദിനം പ്രതി ചീഫ് സെക്രട്ടറി തലത്തില്‍ മോണിറ്ററിംഗ് ചെയ്യും. ചില ഡിപ്പാര്‍ട്ടുമെന്റുകളില്‍ പിഎസ്സി ലിസ്റ്റുകള്‍ ഇല്ലാത്ത ഒഴിവുകളും തിട്ടപ്പെടുത്തണം. പ്രായോഗിക പ്രശ്‌നങ്ങള്‍ പിഎസ്്‌സിയുമായി ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മുഖേനെയുള്ള പൊതുവിതരണ ശൃഖല ശക്തിപ്പെടുത്തും. 75 കോടി രൂപയാണ് ഇതിന് നേരത്തെ ബജറ്റില്‍ വകയിരുത്തിയത്. ഇത് ഇരട്ടിയാക്കും. ആവശ്യമാണെങ്കില്‍ തുടര്‍ന്നും കൂടുതല്‍ പണം അനുവദിക്കും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മോണിറ്റൈസ് ചെയ്യും. അഴിമതി തടയാനാണിത്. ക്ഷേമ പെന്‍ഷനുകളിലെ കുടുശ്ശിക കൊടുത്തു തീര്‍ക്കും. പെന്‍ഷനുകള്‍ 1000 രൂപയാക്കാനുള്ള നടപടികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. പ്രായമായവരെ സഹായിക്കാന്‍ വീടുകളില്‍ പെന്‍ഷനെത്തിക്കുന്നതിനെ കുറിച്ച് മാര്‍ഗങ്ങള്‍ ആരായാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. കേരളത്തില്‍ 13ാം പഞ്ചവത്സര പദ്ധതി തുടരും. സംസ്ഥാനത്ത് പ്ലാനിങ് ബോര്‍ഡ് തുടരുമെന്നും പിണറായി വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ വിവാദ ഉത്തരവുകള്‍ പരിശോധിക്കുന്നതിനായി എ.കെ ബാലന്‍ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles