Section

malabari-logo-mobile

40 വയസിന് മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ: മുഖ്യമന്ത്രി

HIGHLIGHTS : First dose of vaccine for all over 40 years of age by July 15: CM

തിരുവനന്തപുരം:40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്‌സിൻ ലഭിക്കും. മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാ വകുപ്പുകളും കൈകോർത്ത് പൊതുജനങ്ങളുടെ പിന്തുണയോടെ നടപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ  ഭാഗമായി ബ്രേക്ക്ത്രൂ ഇൻഫെക്ഷനുകളുടെയും കുട്ടികളിലെ ഇൻഫെക്ഷനുകളുടെയും ജനിതക ശ്രേണീകരണം നടത്തും. ജനിതക ശ്രേണീകരണത്തിന്റെ ഫലങ്ങൾ ആഴ്ചതോറും ശാസ്ത്രീയമായി വിശകലനം ചെയ്യും.

ലോകമെമ്പാടും കോവിഡ് വൈറസിന്റെ വ്യത്യസ്ത ജനിതക വ്യതിയാനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വകഭേദം വന്ന പുതിയ തരം വൈറസുകൾ ഉണ്ടോയെന്ന് കണ്ടെത്തും.
വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുവായ റബർ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കടകൾക്ക് പ്രവർത്തനാനുമതി നൽകും. വ്യവസായശാലകളും അതിനോടനുബന്ധിച്ച അസംസ്‌കൃത വസ്തുക്കളുടെ കടകളും പ്രവർത്തിക്കാവുന്നതാണ്.
സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയെടുക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനും ജില്ലാഭരണകൂടങ്ങൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

sameeksha-malabarinews

മാനസിക വൈകല്യമുള്ളവരെ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.  സെക്രട്ടേറിയറ്റിൽ മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഇനിയും വാക്‌സിനേഷൻ ലഭിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും.
ഈ മാസത്തോടെ കർഷകരുടെ പക്കലുള്ള കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി അവസാനിക്കും. കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് കാലാവധി നീട്ടാനുള്ള നടപടിയെടുക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടുതൽ ആളുകൾ ഒരുമിച്ച് ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് നിർമ്മാണ മേഖലയിലെ അതിഥി തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ തുടർച്ചയായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
ജൂൺ 15 ഓടെ 85 ലക്ഷം പേർക്ക് ഭക്ഷ്യകിറ്റ് നൽകും. ജൂൺ 10 ഓടെ ജൂൺ മാസത്തെ ഭക്ഷ്യകിറ്റുകൾ തയ്യാറാകും. കേന്ദ്രാനുമതി ലഭ്യമായ 35 പിഎസ്എ ഓക്‌സിജൻ പ്ലാൻറുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായി. ഒക്ടോബറോടെ പ്ലാൻറുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!