ഇന്ത്യ ഉയരങ്ങളിലേക്ക് പറക്കുന്നത് ലോകം സ്വപ്‌നം കാണുന്നു

budgetന്യൂഡല്‍ഹി: ഇന്ത്യ ഉയരങ്ങളിലേക്ക് പറക്കുന്നത് ലോകം സ്വപ്‌നം കാണുന്നുവെന്ന് അരുണ്‍ ജെയ്റ്റലി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേയാണ് ധനമന്ത്രി അരുണ്‍ ജെയറ്റ്‌ലിയുടെ പ്രസ്താവന.

അഞ്ച് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച മുന്നില്‍ കണ്ടുളള നടപടികള്‍ക്കായിരിക്കും മുന്‍ഗണനയെന്നും സാധാരണക്കാരുടെയും കുട്ടികളുടെയും ക്ഷേമത്തിനായിരിക്കും പ്രാധാന്യമെന്നും ജെയ്റ്റലി പറഞ്ഞു.

അവതരിപ്പിക്കുന്നത് ക്ഷേമ ബജറ്റെന്നും രാജ്യം സാമ്പത്തിക സ്ഥിരതയിലേക്കെന്ന് ജെയ്റ്റലി പറഞ്ഞു. രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കുറഞ്ഞതായി ജെയ്റ്റ്‌ലി അവകാശപ്പെട്ടു. സംസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും ജന്‍ധന്‍ യോജന, സുതാര്യമായ കല്‍ക്കരിപ്പാടം ലേലം, സ്വച്ഛഭാരത് എന്നിവ നേട്ടങ്ങളാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു.

2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം യഥാര്‍ത്ഥ്യമാക്കും. ഇരുപതിനായിരം ഗ്രാമങ്ങളില്‍ 2020 ഓടെ വൈദ്യുതിയെത്തിക്കും.എല്ലാ അഞ്ചു കിലോമീറ്ററിലും സെക്കന്‍ഡറി സ്‌കൂള്‍ തുറക്കമെന്നും ഏഴ് വര്‍ഷത്തിനുള്ളില്‍ നഗരപ്രദേശങ്ങളില്‍ അഞ്ചുകോടി ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി ഏര്‍പ്പെടുത്തും. സ്വച്ഛ് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ നിര്‍മിക്കും. രാജ്യത്ത് ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ ഉല്‍പാദന കേന്ദ്രമാക്കി വികസിപ്പിക്കും.

അതേ സമയം ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തെ ആക്കുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയാക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു. കശ്മിര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് എയിംസ് അനുവദിച്ചത്.