Section

malabari-logo-mobile

കഴിഞ്ഞത് ഒരു ഗംഭീര ലോകകപ്പ് തന്നെയാണ്;2018 ലോകകപ്പ് ഫുട്‌ബോള്‍ ഒരു അവലോകനം

HIGHLIGHTS : നാലു വർഷം... നാലു വർഷം കാത്തിരിക്കണം ഇനിയീ പൂരം കാണാൻ... മഹത്തായ വിപ്ലവത്തിന്റെ ചരിത്രമുറങ്ങുന്ന റഷ്യൻ മണ്ണിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രഞ്ച്...

നിധീഷ് തള്ളശ്ശേരി

നാലു വർഷം…
നാലു വർഷം കാത്തിരിക്കണം
ഇനിയീ പൂരം കാണാൻ…
മഹത്തായ വിപ്ലവത്തിന്റെ ചരിത്രമുറങ്ങുന്ന റഷ്യൻ മണ്ണിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസിന്റെ കൈകൾ
ലോകകപ്പുമായി ആകാശത്തേക്കുയരുന്നതും നോക്കിയിരിക്കുമ്പോൾ മനസിൽ വല്ലാത്ത ഒരു
വീർപ്പുമുട്ടലായിരുന്നു…നാലു വർഷം കഴിയണം…

sameeksha-malabarinews

ഒരു മാസം എത്ര പെട്ടന്നാണ് കടന്നു പോയത് … ജൂൺ 13ന് ലുഷ്നിക്കി സ്റ്റേഡിയത്തിൽ റഷ്യ തുടങ്ങി വെച്ച ഗോൾമഴ
ജൂലൈ 14ന് അതേ സ്റ്റേഡിയത്തിൽ മറ്റൊരു ഗോൾ മഴ തീർത്തു കൊണ്ട് ഫ്രാൻസ് അവസാനിപ്പിച്ചു. ലോകം മുഴുവൻ പന്തിനൊപ്പം സഞ്ചരിച്ച ഒരു മാസം …

തിരിഞ്ഞു നോക്കുമ്പോൾ ഒരു കാര്യം വ്യക്തം.
കഴിഞ്ഞു പോയത് ഒരു  ഗംഭീര ലോകകപ്പ് തന്നെയാണ് .
ക്ലാസിക് പോരാട്ടങ്ങളും, ഇഞ്ചുറി ടൈമിലെ വിജയ ഗോളുകളും, തോൽവിയുടെ വക്കിൽ നിന്ന ഈ തിരിച്ചു വരവുകളും, തോറ്റാലും തോൽക്കാത്ത പോരാട്ട വീര്യവുമൊക്കെ ക്കണ്ട ഒരു ലോകകപ്പിനെഗംഭീരഎന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാണ് …

ലാറ്റിനമേരിക്കൻ രാജ്യങ്ങളോട് ,പ്രത്യേകിച്ച്
ബ്രസീലിനോടും അർജന്റീനയോടും നമുക്കൊരു ഇഷ്ടക്കൂടുതലുണ്ട്. അവരുടെ കളിയുടെ സൗന്ദര്യത്തിൽ നമ്മൾ അഭിരമിക്കും …തെറ്റുകൾ ക്ഷമിക്കും…
അടുത്ത കളിയിൽ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കും.
അവരുടെ പൊസഷൻ ഫുട്‌ബോളിനു മുന്നിൽ
പൊസിഷൻ ഫുട്‌ബോൾ വിജയിച്ച ലോകകപ്പ് എന്ന രീതിയിലാവും ഒരു പക്ഷെ കാലം ഈ ലോകകപ്പിനെ
അടയാളപ്പെടുത്തുക….

ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമായിരുന്നു. യൂറോപ്യൻ ടീമുകൾ മിക്കതും കൃത്യമായ ഗെയിം പ്ലാനിങ്ങിലൂടെയാണ് കളിക്കാനെത്തിയിരിക്കുന്നത്.ആദ്യമത്സരത്തിൽ
അർജൻറീനയെയും ബ്രസീലിനെയും സമനിലയിൽ തളച്ച ഐസലന്റിനും സ്വിറ്റ്സർലൻറിനും വരെ
ആ പ്ലാനിങ്ങുണ്ടായിരുന്നു. നൂതനമായ തന്ത്രങ്ങളും ഗെയിം പ്ലാനിങ്ങുമില്ലാതെയെത്തിയ വമ്പൻ ടീമുകൾ ഒന്നിനു പിറകെ ഒന്നായി പുറത്താകുന്നത് ഈ ടൂർണമെന്റിലെ ഒരു അത്ഭുത കാഴ്ച തന്നെയായിരുന്നു. നിലവിലുള്ള ചാമ്പ്യന്മാരായ ജർമനിയാണ് ആദ്യം മടങ്ങിയത്.
ഏതു ലോകകപ്പിലും സെമിയിലെങ്കിലും എത്തുമെന്ന് ആരും സമ്മതിക്കുന്ന ജർമനിഏതാണ്ട് കഴിഞ്ഞ ലോകകപ്പ് ജയിച്ച അതേ ടീമുമായാണ് എത്തിയത്.
പക്ഷെ,  ഷ്വസെനഗറെ പോലെ ഒരു മിഡ്ഫീൽഡറും ക്ലോസെ യെ പോലെയൊരു സ്ട്രൈക്കറും അവർക്കില്ലാതെ പോയി.
പകരക്കാരാവേണ്ടിയിരുന്ന ഓസിലും മുള്ളറും നിറം മങ്ങിയപ്പോൾ ഒരു പ്ലാൻ B നടപ്പാക്കാനില്ലാതെ,
ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്താവുമെന്നുള്ള സമീപ ചരിത്രം ആവർത്തിച്ച് ജർമനി വിടവാങ്ങി.
ചുരുക്കിപ്പറഞ്ഞാൽ പുതിയ കുപ്പിയിൽ പഴയ വീഞ്ഞുമായി എത്തിയതായിരുന്നു ജർമനിക്ക് പറ്റിയ തെറ്റ്…

പ്രീ ക്വാർട്ടർ മത്സരങ്ങൾ കഴിഞ്ഞപ്പോൾ മൂന്നു വമ്പൻ ടീമുകളാണ് പുറത്തേക്കുള്ള വഴി കണ്ടത് .അർജൻറീനയും പോർച്ചുഗലും ,സ്പെയിനും… മെസി എന്ന അച്ചുതണ്ടിലായിരുന്നു അർജന്റീനയുടെ കറക്കം.
മെസിയെ നിശബ്ദനാക്കുക എന്ന തന്ത്രം എതിരെ കളിച്ച യുറോപ്യൻ ടീമുകളെല്ലാം വളരെ കൃത്യമായി ഉപയോഗിച്ചു.നിർഭാഗ്യത്തിന് അവർ കളിച്ച 4 കളികളിൽ മൂന്നും യൂറോപ്യൻ ടീമുകൾക്കെതിരെ ആയിരുന്നു താനും.
ഐസ് ലന്റ് മെസിക്കു മുന്നിൽ ‘ബസ് പാർക്കിങ്ങ്” എന്ന കുപ്രസിദ്ധ പ്രതിരോധതന്ത്രം തീർത്തപ്പോൾ ക്രൊയേഷ്യയും ഫ്രാൻസും തങ്ങളുടെ മിഡ്ഫീൽഡ്
കരുത്ത് ഉപയോഗിച്ച് മെസ്സിക്കുള്ള പന്തിന്റെ സപ്ലൈ ലൈൻ സമർത്ഥമായി തടയുകയാണ് ചെയ്തത്.അതിനുള്ള മറുതന്ത്രമൊന്നും അർജന്റീനയുടെ കൈയിൽ ഇല്ലായിരുന്നു. എംബാപ്പെ എന്ന പുത്തൻ താരോദയമായിരുന്നു ഫ്രാൻസ് – അർജൻറീന ആദ്യ പ്രീ ക്വാർട്ടറിന്റെ യഥാർത്ഥ ഹൈലൈറ്റ്സ്.

യൂറോ കപ്പ് ചാമ്പ്യന്മാരായിട്ടായിരുന്നു പോർച്ചുഗലിന്റെ വരവ്. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡൊ ഹാട്രിക്കു മായി നിറഞ്ഞാടിയ മത്സരത്തിൽ സ്പെയിനിനോട് ക്ലാസിക് മത്സരം കളിച്ചായിരുന്നു തുടക്കം. എന്നാൽ യൂറോ കപ്പല്ല ലോകകപ്പെന്ന് ഉറുഗ്വെ പ്രീ ക്വാർട്ടറിൽ അവർക്ക് കാണിച്ചു കൊടുത്തു.

ഏറെ പ്രതീക്ഷകളുണ്ടായിരുന്ന ടീമായിരുന്നു സ്പെയിൻ .
പക്ഷെ, പുതിയ സിലബസിന്റെ പരീക്ഷയെഴുതാൻ പഴയ സിലബസ് പഠിച്ചു വന്ന കുട്ടിയെ പോലെ തോന്നിച്ചു അവർ. പഴയ ടിക്കി- ടാക്കയുടെ ആത്മാവും പേറി 60% ശതമാനത്തിലേറെ ബോൾ പൊസഷനിൽ പന്തുതട്ടിക്കളിച്ച അവർ ഗോൾ പോസ്റ്റിലേക്കുള്ള വഴി മറന്നു പോയി. ആതിഥേയരുടെ ആവേശത്തള്ളലിനു മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല….

ബ്രസീലിന്റെ തോൽവിയായിരുന്നു ക്വാർട്ടർ ഫൈനലിലെ ട്വിസ്റ്റ്. ബ്രസീലിന്റെ കളി മോശമൊന്നുമായിരുന്നില്ല.
നെയ്മെറെ കുടുതൽ ആശ്രയിക്കാതെ മാർ സെലൊയും വില്യനും പൗളിഞ്ഞൊയുമൊക്കെ
ടീമിനെ മുന്നോട്ടു കൊണ്ടുപോയി.പക്ഷെ, ബെൽജിയത്തിന്റെ സുവർണ തലമുറക്ക് മുന്നിൽ – ഏഡൻ ഹസാർഡ്, ഡിബ്രുയിൻ എന്നീ കിടയറ്റ മിഡ്ഫീൽഡർമാർക്കും, ലൂക്കാക്കു എന്ന ക്ലിനിക്കൽ ഫിനിഷർക്കും മുന്നിൽ – അവർ വീണു പോയി.

സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായപ്പോൾ തെളിഞ്ഞു നിന്നത് ഒരേ ഒരു കാര്യമായിരുന്നു.
കാലം എന്തൊക്കെ മാറ്റങ്ങൾ ഫുട്‌ബോളിൽ വരുത്തിയാലും, ഗെയിം പ്ലാനുകൾ എന്തൊക്കെ വന്നാലും ഈ കളിക്ക് ഒരു ഹൃദയമുണ്ടെങ്കിൽ…
അത് മിഡ്ഫീൽഡാണ്. ഏറ്റവും മികച്ച മധ്യ നിരക്കാർ അണിനിരന്ന ടീമുകളാണ് അന്തിമ യുദ്ധത്തിനു ശേഷം ആദ്യ മൂന്നു സ്ഥാനങ്ങളിൽ വന്നത് എന്നതിൽ കവിഞ്ഞൊരു ഉദാഹരണം മേൽ പറഞ്ഞ കാര്യത്തിന് ആവശ്യമില്ലല്ലൊ…

1998 ൽ ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടുമ്പോൾ ടീമിലെ പിന്നണിപ്പോരാളിയായിരുന്നു ദെഷാപ്സ് .
falls – 9 എന്ന് അറിയപ്പെടുന്ന ഡീപ് മിഡ്ഫീൽഡ് പൊസിഷനിൽ കളിച്ചിരുന്ന ദെഷാപ്സിന്റെ അന്നത്തെ ചുമതല എതിരാളിയിൽ നിന്ന് പന്ത് പിടിച്ചെടുക്കുകയും അത് മുന്നേറ്റനിരക്കാരായ സിദാൻ, തിയറി ഹെൻറി,
പെറ്റിറ്റ് എന്നിവർക്ക് എത്തിച്ചു കൊടുക്കുകയുമായിരുന്നു.
ഒരു മത്സരം “റീഡ് ” ചെയ്യുന്നതിനുള്ള ഏറ്റവും നല്ല പൊസിഷനാണ്
falls – 9 എന്നാണ് വിലയിരുത്തപ്പെടുന്നത്.
ദെഷാപ്പസിന്റെ ആ റീഡിങ് ക്വാളിറ്റിയാണ്
ഫ്രാൻസിന്റെ ഈ രണ്ടാം കിരീടധാരണത്തിന് മുഖ്യകാരണം എന്നതിന് സംശയമേ വേണ്ട.
ഫ്രാൻസ് ആ മനുഷ്യനോട് ഏറെ കടപ്പെട്ടിരിക്കുന്നു…
താൻ ഉദ്ദേശിച്ച ഗെയിം പ്ലാൻ നടപ്പാക്കാൻ നടപ്പാക്കാൻ ശേഷിയുള്ള കളിക്കാരെ മാത്രമായിരുന്നു
ദെഷാപ്സ് ടീമിലെടുത്തത്.
അതിനായി കരീം ബെൻസേമ എന്ന
ലോകോത്തര താരത്തിനെ വരെ അദ്ദേഹം ടീമിനു പുറത്തു നിർത്തി. ടീമിലെ ഓരോരുത്തർക്കും കൃത്യമായ പൊസിഷനുണ്ടായിരുന്നു. ചെയ്യേണ്ട ജോലിയും.
ഇന്ന് ലോക ഫുട്‌ബോളിലുള്ള ഏറ്റവും മികച്ച മുന്നേറ്റനിരക്കാളിലൊരാളായ ഗ്രീസ്മാന് ,ഒളിവർ
ജിറൂദ് എന്ന സ്ട്രൈക്കർക്ക് പിറകിലായിരുന്നു സ്ഥാനം.
ഒരു ഗോളുപോലും അടിക്കാതിരുന്ന
ജിറൂദിനെ മുഴുവൻ മത്സരങ്ങളും കളിപ്പിച്ചത്
പുറകിൽ ഗ്രീസ് മാന് സ്വതന്ത്രമായി കളിക്കാനുള്ള സ്ഥലമൊരുക്കാനായിരുന്നു. സെറ്റ് പീസുകളിൽ നിന്ന് കിട്ടിയ അവസരങ്ങളൊക്കെ യാതൊരു പരിഭ്രമവും കൂടാതെ ഗ്രീസ് മാൻ ഗോളാക്കി മാറ്റുകയും ചെയതു. ഫൈനലിൽ ഉൾപ്പെടെ. മധ്യനിരയിലായിരുന്നു ഫ്രാൻസിന്റെ യഥാർത്ഥശക്തി.പോൾബ-കാന്റെ
സഖ്യം ടൂർണമെന്റിലുടനീളം കാഴ്ചവെച്ച കളി വിവരണാതീതമായിരുന്നു.എതിരാളിയു ടെ കാലിൽ നിന്ന് പന്ത് തട്ടിയെടുക്കുന്നതിൽ അപാര വൈദഗ്ദ്യം കാട്ടിയ കാന്റെ യും എതിർ പ്രതിരോധത്തിനിടയിലൂടെ കില്ലിങ് പാസുകൾ കൊടുത്ത പോഗ് ബയും
മിഡ്ഫീൽഡിൽ മറ്റൊരു ടീമിനുമില്ലാത്ത ആധിപത്യം നേടിക്കൊടുത്തു. ഗോൾ സ്കോറിങ്ങ് ടാലൻറുള്ള കളിക്കാരനായിരുന്നിട്ടുപോലും പോഗ്ബ തന്റെ പൊസിഷൻ വിട്ടൊരു കളിക്ക് തയ്യാറായില്ല എന്നത് ദെഷാംപ്സിന് ടീമിലുണ്ടായിരുന്ന സ്വാധീത്താന്റെ ഏറ്റവും വലിയ തെളിവായി. ഇവർക്കൊപ്പം ഉംറ്റിറ്റിയും വരാനെയുള്ള പ്രതിരോധം
ഉറച്ചു നിന്നതോടെ ദെ ഷാപ്സിന്റെ ഗെയിം പ്ലാൻ പൂർണമാവുകയായിരുന്നു.
പല കളികളിൽ പല ശൈലിയിൽ അവർ കളിച്ചു. അർജന്റീനക്കെതിരെ അത്
ലോങ്ങ്ബോൾ കൗണ്ടർ അറ്റാക്കായിരുന്നെങ്കിൽ
ബെൽജിയത്തിനെതിരെ അത് പ്രതിരോധ കോട്ടയായിരുന്നു. ഫൈനലിൽ ക്രൊയേഷ്യയെ അവർ ശരിക്കും കളിക്കാൻ വിടുകയായിരുന്നു.
നിങ്ങൾ കളിച്ചോളൂ…
ഗോൾ ഞങ്ങളടിക്കും എന്ന് പറയാതെ പറഞ്ഞ അവർ കളിയിൽ അത്
കാണിച്ചു കൊടുക്കുകയും ചെയ്തു.വെറും 34% ആയിരുന്നു ഫൈനലിൽ ഫ്രാൻസിന്റെ ബോൾ പൊസഷൻ എന്നറിയുക.
on target ൽ വെറും 6 ഷോട്ടേ അടിച്ചൊള്ളു.
പക്ഷെ അതിൽ 4 എണ്ണവും ഗോളായി.
66 % ബോൾ പൊസഷനിൽ കളിക്കുകയും 14 ഷോട്ട് പോസ്റ്റിലേക്ക് വായിക്കുകയും ചെയ്ത ക്രൊയേഷ്യക്ക് സ്കോർ ചെയ്യാനായത് വെറും 2 ഗോളുകൾ….

ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും
ക്രൊയേഷ്യ ടൂർണമെന്റിലുടനീളം നടത്തിയ പോരാട്ടത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല. ഫുട്‌ബോളിൽ വലിയ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത,
നമ്മുടെ മലപ്പുറം ജില്ലയുടെ ജനസംഖ്യമാത്രമുള്ള ഈ കൊച്ചു രാജ്യം നടത്തിയ കുതിപ്പ് യഥാർത്ഥത്തിൽ ഒരു വിപ്ലവം തന്നെയായിരുന്നു…
പൂർത്തീകരിക്കാനാവാതെ പോയ ഒരു റഷ്യൻ വിപ്ലവം…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!