Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ജനറല്‍ വാര്‍ഡില്‍ പോരാട്ടത്തിനിറങ്ങിയ പെണ്‍പുലികള്‍

HIGHLIGHTS : In local government elections Female fighting in the general ward at Parappanangadi

പരപ്പനങ്ങാടി: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായി സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പെണ്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞ് നെട്ടോട്ടമോടുകയായിരുന്നു. ഇപ്പോഴിതാ കാലം മാറി കഥമാറി.

നമ്മുടെ ക്യാമ്പസുകളിലാണ് ആദ്യം മാറ്റം കണ്ടുതുടങ്ങിയത്. മുഴവന്‍ സീറ്റുകളിലും പെണ്‍കുട്ടികുളെ സ്ഥാനാര്‍ത്ഥിയാക്കി വിജയം രചിച്ച കഥകള്‍ വലിയ വാര്‍ത്തകളായി . 2020 ല്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ക്യാമ്പസുകളിലെ ട്രെന്റ് പ്രാദേശിക തലത്തിലേക്കും കടുന്നവരുന്നതാണ് കണ്ടത്. ഇപ്പോള്‍ വനിതകള്‍ സംവരണസീറ്റിന്റെ മാത്രം ആനുകൂല്യം തങ്ങള്‍ക്ക് വേണ്ടെന്നും, ജനറല്‍സീറ്റുകളില്‍ മത്സരിക്കാനുള്ള ചങ്കൂറുപ്പുള്ളവരാണ് തങ്ങളെന്നും ഉറപ്പിച്ച് പറയുന്നു.

sameeksha-malabarinews

പരപ്പനങ്ങാടിയില്‍ ഇത്തരത്തില്‍ പോരിനിറങ്ങിയ രണ്ട് വനിതകളെ നമുക്ക് പരിചയപ്പെടാം.

പരപ്പനങ്ങാടി ചെട്ടിപ്പടി ലക്ഷംവീട് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എംസി നസീമയാണ് ഒരാള്‍. പ്രാദേശികതെരഞ്ഞെടുപ്പില്‍ മൂന്നാം തവണ പോരിനിറങ്ങുമ്പോള്‍ മത്സരത്തെ കുറിച്ച് തെല്ലു ആശങ്കയില്ലാതെയാണ് നസീമ സംസാരിച്ചത്.

സ്വാതന്ത്ര്യസമരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു വലിയ രാഷ്ട്രീയപാരമ്പര്യം തന്നെ നസീമക്ക് തണലായുണ്ട്. പിതാവ് എംസി മൊയതീന്‍ പകര്‍ന്ന്തന്ന ആ വലിയ ഊര്‍ജ്ജം തന്നെയാണ് നസീമയുടെ പിന്‍ബലം. പൊതുപ്രവര്‍ത്തനമാണ് തന്റെ ജീവിതം എന്ന് ഉറച്ച് പറയാനുള്ള ആത്മബലം ഇതില്‍ നിന്നും നസീമ നേടിയിരിക്കുന്നു.
സ്ത്രീശാക്തീകരണത്തിന്റെ അടയാളമായ കുടംബശ്രീയിലും, സിഡിഎസ്സിലുമുള്ള പ്രവര്‍ത്തനപരിചയവും മുനിസിപ്പല്‍ കൗണ്‍സിലറായുള്ള ജനകീയതയും തന്നെയാണ് ഒരു ജനറല്‍ സീറ്റില്‍ മത്സരിക്കാന്‍ തനിക്കുള്ള ആര്‍ജ്ജവമുണ്ടാക്കിയതെന്ന് നസീമ പറയുന്നു.

2005ല്‍ പരപ്പനങ്ങാടി പഞ്ചായത്തിലേക്ക് ഒന്നാംവാര്‍ഡില്‍നിന്ന് ഇടതു സ്ഥാാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചാണ് പാര്‍ലിമെന്ററി രംഗത്തേക്ക് നസീമ കടന്നുവരുന്നത്. അന്നത്തെ ജനതാദള്‍ പിന്നീട് ലോക് താന്ത്രിക് ജനതാദളായി മാറി യുഡിഎഫിന്റെ ഭാഗമായപ്പോള്‍ 2015ല്‍ രണ്ടാമങ്കത്തില്‍ രണ്ടാം ഡിവിഷനില്‍ നിന്നും നസീമ വീണ്ടും ജയിച്ചുകയറി. തന്റെ പാര്‍ട്ടി ഇടതു പക്ഷത്തേക്ക് മാറിയപ്പോഴും ജനങ്ങളോട് അഞ്ച് വര്‍ഷത്തേക്ക് വോട്ട് ചോദിച്ച് ജയിച്ച പക്ഷത്തുനിന്ന് മാറാതിരിക്കാനുള്ള രാഷ്ട്രീയ മര്യാദയും നസീമ പാലിച്ചു. ഇപ്പോള്‍ വീണ്ടും അതേ രണ്ടാംഡിവിഷനില്‍ ജനങ്ങളിലുള്ള ഉറച്ച വിശ്വാസത്തോടെ ഇടതു ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരത്തിനിറങ്ങുകയാണ് നസീമ. ഈ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കെ. മുഹമ്മദ്കുട്ടി എന്ന ബാവുട്ടനാണ്.

മറ്റൊരാള്‍ മഞ്ജുഷ പ്രലോഷ് എന്ന ബിടെക് ബിരുദധാരിണിയാണ്. പരപ്പനങ്ങാടി നഗരസഭയിലെ 38 ാം ഡിവിഷനിലാണ് മഞ്ജുഷ മത്സരിക്കുന്നത്. കഴിഞ്ഞ തവണ നേരിയ വോട്ടിന് ഈ ഡിവിഷനില്‍ മത്സരിച്ച് പിന്തള്ളപ്പെട്ടപ്പോഴും തന്റെ പ്രവര്‍ത്തനമേഖല മാറ്റാതെ ജനങ്ങള്‍ക്കിടിയില്‍ പൊതുപ്രവര്‍ത്തനവുമായി സജീവമായി ഇടപെട്ടു എന്നതാണ് ജനറല്‍ വാര്‍ഡായിട്ടും ഇവിടെ മത്സരിക്കാന്‍ മഞ്ജുഷക്കുള്ള പ്രചോദനം. ഇടതു ജനകീയമുന്നണി സ്ഥാനാര്‍ത്ഥിയായാണ് മഞ്ജുഷ മത്സരിക്കുന്നത്. ജീവിതചക്രത്തിന്റെ കുറഞ്ഞകാലയളവില്‍ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത് തന്റെ ജീവിതത്തെ ഇവിടെ അടയാളപ്പെടുത്തണമെന്ന് മഞ്ജുഷ കരുതുന്നു.

പ്രാദേശിക ഭരണകൂടത്തിന്റെ ഭാഗമായി ഒരു കൗണ്‍സിലറാകുന്നതിലൂടെ തനിക്ക് ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് മഞ്ജുഷ പറഞ്ഞു . കുടുംബശ്രീ സിഡിഎസ് അംഗമായ തനിക്ക് ഈ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതലായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും. അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനുതകുന്ന പദ്ധതികള്‍ നടപ്പിലാക്കാനാകുമെന്ന ഉറച്ചവിശ്വാസവും മഞ്ജുഷ പങ്കുവെച്ചു . കൂടുതല്‍ സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതികളായിരിക്കും ഇവയെന്നും മഞ്ജുഷ സൂചിപ്പിച്ചു. മഞ്ജുഷയുടെ ഈ മനസ്സിനും പ്രവര്‍ത്തികള്‍ക്കും പരിപൂര്‍ണ്ണപിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.

കഴിഞ്ഞ തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ച ഡിവിഷനാണിത്. ഇവിടെ ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബിജെപി പ്രതിനിധിയായ യു.വി.സാജനാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത് കോണ്‍ഗ്രസ് പ്രതിനിധിയായ ജമാല്‍ നാസര്‍ വേളക്കാടനാണ്.

എന്തുതന്നെയായലും സാംസ്‌കാരികവും, സാമൂഹികവുമായി മുന്നില്‍ നടക്കുന്നവരാണ് പരപ്പനങ്ങാടിക്കാര്‍ എന്ന് ഈ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ നമുക്ക് തിരിച്ചറിയാം.
കാലം മാറെട്ടെ ….. ജനറല്‍ സീറ്റുകളില്‍ സ്ത്രീ അടയാളപ്പെടുത്തലുകള്‍ വാര്‍ത്തകളല്ലാതാകുന്ന കാലത്തെ നമുക്ക് സ്വപ്‌നം കാണാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!