പിതാവും മകളും മരുമകനും അങ്കത്തിനിറങ്ങി ഒരു കുടുംബം

ഗഫൂര്‍ തിരൂരങ്ങാടി

തിരൂരങ്ങാടി: പിതാവും മകളും മരുമകനും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി അങ്കം കുറിക്കുകയാണിവിടെ. എ ആര്‍ നഗറിലെ സി പി എം നേതാവ് അഹമദ് പാറമ്മല്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് കൂരിയാട് ഡിവിഷനില്‍ നിന്നും, ഇദ്ദേഹത്തിന്റെ മകള്‍ അഡ്വ: നബീല പാറമ്മല്‍ ജില്ലാ പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം ഡിവിഷനില്‍ നിന്നും മരുമകന്‍ കെ പി മമ്മദ് കോയ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മാലാപറമ്പ് ഡിവിഷനില്‍ നിന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥികളായാണ് മല്‍സരിക്കുന്നത്.

തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച 65 കാരനായ അഹ്മദ് പാറമ്മല്‍ സി പി എം എ.ആര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗവും പുരോഗമന കലാസാഹിത്യ സംഘം തിരൂരങ്ങാടി ഏരിയ വൈസ് പ്രസിഡണ്ടുമാണ്. മകള്‍ അഡ്വ: നബീല ജില്ലാ പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം ഡിവിഷനില്‍ നിന്നാണ് മത്സരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയില്‍ അഭിഭാഷകയാണ്. ചേളാരി സ്വദേശി സഊദിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് കാഹിമാണ് ഭര്‍ത്താവ്.

അഹമ്മദ് പാറമ്മലിന്റെ ഇളയ മകള്‍ മാന്‍സി പാറമ്മലിന്റെ ഭര്‍ത്താവ് കോഴിക്കോട് കാരാപറമ്പ് സ്വദേശി കെപി മമ്മദ് കോയ കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് മാലാപറമ്പ് എട്ടാം ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത് . സി പി എം ബ്രാഞ്ച് സിക്രട്ടറിയായ ഇദ്ദേഹം എസ് എഫ് ഐ ജില്ലാ സിക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് മമ്മദ് കോയ. മൂവരും സി പി എമ്മിന്റെ ഔദ്യോഗിക ബാനറില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ തന്നെയാണ് മത്സരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top