Section

malabari-logo-mobile

വി.എഫ്.പി.സി.കെ വഴി ‘തളിർ’ക്കുന്നു കർഷകരുടെ സ്വപ്നങ്ങൾ

HIGHLIGHTS : Farmers' dreams 'sprout' through VFPCK

എക്കാലത്തും കർഷകർക്ക് പറയാനുണ്ടായിരുന്ന കൃഷിയിലെ നഷ്ടക്കണക്കുകളും ഇടനിലക്കാരുടെ ചൂഷണവും ഇനി പഴങ്കഥയാവുകയാണ്. ജില്ലയിലെ കർഷകർക്ക് കൃത്യമായ വിപണി കണ്ടെത്തുന്നതിനും മികച്ച വില ലഭിക്കുന്നതിനും കൂട്ടാവുകയാണ് കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം. ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളും കൃഷിയിടത്തിൽ നിന്ന് നേരിട്ട് സംഭരിച്ച് കഴുകി വൃത്തിയാക്കി ശാസ്ത്രീയമായി സംസ്‌കരിച്ച് ‘തളിർ’ എന്ന ബ്രാൻഡിലൂടെ സ്വദേശത്തും വിദേശത്തുമുള്ള വിപണികളിൽ ഇവർ എത്തിക്കുന്നു. ജില്ലയിലെ  വാഴക്കർഷകരിൽ നിന്നും ശേഖരിക്കുന്ന ഏത്തക്കുലകൾക്കും മികച്ച വിപണി കണ്ടെത്താൻ വി.എഫ്.പി.സി മലപ്പുറത്തിന് സാധിക്കുന്നു.

വിജയമായി ഏത്തവാഴ വിപണനം
ഇപ്പോൾ ഇടനിലക്കാരില്ലാതെ വാഴക്കുലകൾ നേരിട്ട് വിപണിയിൽ എത്തിക്കുകയാണ് കർഷകർ. വി.എഫ്.പി.സി.കെയുടെ നേതൃത്വത്തിലാണ് ‘തളിർ’ എന്ന ബ്രാൻഡിൽ സംസ്ഥാനത്തെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലേക്ക് വാഴക്കുലകൾ എത്തിക്കുന്നത്. കർഷക സ്വാശ്രയ സംഘങ്ങളും അതിലെ കർഷകസമിതികളും ഉത്പാദിപ്പിക്കുന്ന ഏത്തക്കുലകൾക്ക് മികച്ച വിപണിയും കയറ്റുമതിയും കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്. ഒതായി, മങ്കട, ചുങ്കത്തറ, അത്താണിക്കൽ, മൂത്തേടം, പാണ്ടിക്കാട് തുടങ്ങിയ സ്വാശ്രയ കർഷക സംഘങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾ തോട്ടങ്ങളിൽ നേരിട്ട് എത്തി ശേഖരിച്ചാണ് ‘തളിർ’ ബ്രാൻഡിന് കീഴിൽ വിപണനം നടത്തുന്നത്.

‘തളിർ’ ബ്രാൻഡ് കർഷകർക്കുള്ള ഗുണങ്ങൾ
* മൊത്തക്കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കുമ്പോൾ വാഴകുലയുടെ തണ്ട് ഒന്നര കിലോ കുറയ്ക്കുന്നു. ഇവിടെ തണ്ടിന്റെ യഥാർത്ഥ തൂക്കം മാത്രമാണ് കുറക്കുന്നത് ഇതുവഴി അരക്കിലോയോളം അധികം തൂക്കം കർഷകർക്ക് വാഴപ്പഴത്തിൽ ലഭിക്കുന്നു.
* കഴുകി വൃത്തിയാക്കുന്നതിന് വി.എഫ്.പി.സി അധികമായി കർഷകർക്ക് മൂന്ന് രൂപ വെച്ച് നൽകുന്നു.
തോട്ടത്തിൽ നിന്നും നേരിട്ട് വഴക്കുലകൾ ശേഖരിക്കുന്നതിനാൽ കച്ചവടക്കാർക്ക് കൊണ്ടുപോയി കൊടുക്കുന്നതിനുള്ള വണ്ടിക്കൂലി ലാഭിക്കാം.
* കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നു.
* താങ്ങുവില രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള താങ്ങുവില ഉറപ്പുവരുത്തിയാണ് വി.എഫ്.പി.സി.കെ വാഴക്കുലകൾ ശേഖരിക്കുന്നത്.

സംസ്‌കരണവും വിപണനവും
വി.എഫ്.പി.സി.കെ വഴി ശേഖരിക്കുന്ന ഉത്പന്നങ്ങളുടെ സംസ്‌കരണവും വിപണനവും കൃത്യതയോടെ കൈകാര്യം ചെയ്യുന്നതിനാൽ സംസ്ഥാനത്തിനകത്തും വിദേശത്തും മികച്ച വിപണി കണ്ടെത്താൻ ‘തളിർ’ ബ്രാൻഡ് വാഴപ്പഴത്തിന് കഴിഞ്ഞിട്ടുണ്ട്. വാഴക്കുല പടലകളാക്കി കഴുകി വി.എഫ്.പി.സി.കെയുടെ കീഴിലുള്ള മങ്കട പ്രൈമറി പ്രോസസിംഗ് സെന്ററിലെ എത്തലിൻ റൈപ്പനിങ് ചേമ്പറിൽ ശാസ്ത്രീയ രീതിയിൽ പഴുപ്പിച്ച് നിറവും രുചിയും നഷ്ടപ്പെടാതെ ‘തളിർ’ എന്ന ബ്രാൻഡിൽ കേരളത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
നിലവിൽ കോഴിക്കോട് ഹൈലൈറ്റ് മാൾ, ബിസ്മി പെരിന്തൽമണ്ണ, മഞ്ചേരി ബഡ്ജറ്റ്, കൊണ്ടോട്ടി വൈറ്റ് എന്നീ സൂപ്പർ മാർക്കറ്റുകളിൽ ‘തളിർ’ ബ്രാൻഡ് വാഴപ്പഴം ലഭ്യമാണ്. ഈ വർഷം 30 ലക്ഷത്തിന് മുകളിൽ വിറ്റുവരവ് വി.എഫ്.പി.സി.കെ നടത്തിയിട്ടുണ്ട്. ജില്ലാ മാനേജർ അനിൽകുമാറിന്റെ പ്രത്യേക താത്പര്യത്തിലും മേൽനോട്ടത്തിലുമാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്.
കഴിഞ്ഞമാസം അവസാനവാരത്തിൽ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന വൈഗ ബി ടു ബി മീറ്റിൽ തിരുവനന്തപുരത്തെ പ്രമുഖ സൂപ്പർമാർക്കറ്റുകളിൽ ‘തളിർ’ ബ്രാൻഡ് വാഴപ്പഴം വിപണനം നടത്താൻ വി.എഫ്.പി.സി.കെ കരാർ ഉറപ്പാക്കിയിട്ടുണ്ട്. ആഴ്ചയിൽ ഒരു ടണ്ണിന് മുകളിൽ തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്രൻ എന്നീ സൂപ്പർമാർക്കറ്റുകളിൽ ട്രെയിൻ വഴി ഇവിടുത്തെ പഴങ്ങൾ കയറ്റി അയക്കുന്നു. വൈഗ ബി ടു ബി മീറ്റിൽ പങ്കെടുത്ത എക്‌സ്‌പോർട്ട് കമ്പനികൾ ആഴ്ചയിൽ മൂന്ന് ടൺ വരെ കർഷകരുടെ ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് വാഴപ്പഴം കയറ്റി അയക്കുന്നുമുണ്ട്.

sameeksha-malabarinews

മാറ്റം വരുത്തി കൃഷിരീതികൾ
പരമ്പരാഗതമായ കൃഷിരീതികൾ അവലംബിച്ചു വരുന്ന കർഷകർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി ശാസ്ത്രീയ കൃഷി രീതികൾ നടപ്പാക്കി മികച്ച ഉത്പാദനം കണ്ടെത്താനുള്ള മാർഗങ്ങളും നിർദേശങ്ങളും സഹായങ്ങളും നടത്തിവരുന്നു. ഇതിന്റെ ആദ്യഘട്ടത്തിൽ ഗുണമേന്മ ഉറപ്പുവരുത്താനും ഏത്തക്കുലകളുടെ കേടുപാടുകൾ കുറയ്ക്കാനും പക്ഷികളുടെയും വവ്വാലുകളുടെയും ആക്രമണം തടയാനും വാഴക്കുലകളിൽ കവർ ഇടുന്നതിനുള്ള നിർദേശങ്ങൾ കർഷകർക്ക് നൽകിയിട്ടുണ്ട്. കൂടാതെ ഇവിടെ നിന്ന് തന്നെ കഴുകി പാക്ക് ചെയ്യുന്നതിനുള്ള പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. കൃഷി ചെലവുകൾ കുറയ്ക്കാനും ജലക്ഷാമം പരിഹരിക്കാനും കൃഷിയിടങ്ങളിൽ ട്രിപ്പ് ഇറിഗേഷൻ നടത്താനുള്ള പരിശീലനം നൽകി.

കർഷകർ ഹാപ്പി
ഇടനിലക്കാരുടെ ചൂഷണമില്ലാതെ തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ കഴിയുന്നതിൽ ആശ്വാസം കണ്ടെത്തുകയാണ് ജില്ലയിലെ കർഷകർ. കൃഷി രീതികളിൽ നൂതന ആശയങ്ങൾ അവലംബിച്ച് കൂടുതൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിച്ച് മികച്ച വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് കർഷകർ. ഇവർക്ക് എല്ലാ പിന്തുണയുമായി വി.എഫ്.പി.സി.കെയും കൃഷി വകുപ്പും കൂടെയുണ്ട്. ജില്ലയിലെ മുഴുവൻ കർഷകരുടെയും പഴം, പച്ചക്കറി ഉത്പന്നങ്ങൾ ശേഖരിക്കാനും അത് വിപണിയിൽ എത്തിക്കാനും കർഷകർക്കാവശ്യമായ നൂതന കൃഷി രീതികൾ പരിശീലിപ്പിച്ച് ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തുക എന്നതുമാണ് വരുംകാല ലക്ഷ്യമെന്ന് വി.എഫ്.പി.സി.കെ ജില്ലാ മാനേജർ അനിൽകുമാർ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!