കൊല്ലം: ജീവിതത്തെ തന്നെ പോരാട്ടമാക്കിയ കേരളത്തിന്റെ പ്രിയ സഖാവ് വിഎസ് അച്യുതാനന്ദന് നാടിന്റെ വീരോചിത യാത്രയയപ്പ്. ഇന്നലെ ഉച്ചയ്ക്ക് കൃത്യം രണ്ട് മണിക്ക് തലസ്ഥാനത്തുനിന്ന് ആരംഭിച്ച വിലാപയാത്ര രാത്രി പത്തുമണിക്ക് ആലപ്പുഴയില്‍ എത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, വഴിയിലുടനീളം കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തില്‍ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകള്‍ വൈകി. വിഎസിന്റെ മൃതദേഹവും വഹിച്ചുള്ള കെഎസ്ആര്‍ടിസിയുടെ പുഷ്പാലംകൃത ബസ് 16 മണിക്കൂര്‍ പിന്നിടുമ്പോള്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലാണ് എത്തിയത്. കനത്ത മഴയെ പോലും അവഗണിച്ചാണ് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാതിരാനേരത്തും കാത്തുനിന്നത്.
പ്രിയ സഖാവിനെ കാത്തിരിക്കുകയാണ് പുന്നപ്ര വയലാറിന്റെ മണ്ണ്. മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടില്‍ എത്തിക്കും. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനം. 10 മുതല്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതല്‍ കടപ്പുറം റിക്രിയേഷന്‍ ഗ്രൗണ്ടിലുമാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തെ മാറ്റി മാറിച്ച് ജനമനസിന്റെ സ്‌നേഹം താണ്ടിയാണ് വിഎസിന്റെ വിലാപയാത്ര കടന്ന് പോകുന്നത്. ആലപ്പുഴയില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയ ചുടുകാട്ടില്‍ ഇന്ന് വൈകീട്ടാണ് സംസ്‌കാരം. രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിലും ആയിരങ്ങള്‍ വിഎസിന് അന്ത്യഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, സിപിഎമ്മിന്റെ പിബി അംഗങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ അടക്കം മത സാമുദായിക സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പ്രിയ നേതാവിന് ആദരം അര്‍പ്പിച്ചു.
വിഎസിനോടുള്ള ആദരസൂചകമായി ഇന്ന് ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും ഓഫീസുകളും പ്രവര്‍ത്തിക്കില്ല. ഇന്നത്തെ എല്ലാ പിഎസ്സി പരീക്ഷകളും മാറ്റി. അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. എംജി സര്‍വകലാശാലയുടെ പരീക്ഷകളും മാറ്റി. സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്‌കാര ചടങ്ങ് കഴിയുന്നതുവരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



