ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ ഭാരതിരാജയെ (80) ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസമായി ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിട്ട അദ്ദേഹം ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ചയാണ് ടി നഗറിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും കുറച്ചുദിവസംകൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
1977 മുതല്‍ അമ്പതോളം തമിഴ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഭാരതിരാജ തമിഴിലെ ഹിറ്റ് സംവിധായകരില്‍ ഒരാളാണ്. കുറെ വര്‍ഷങ്ങളായി അഭിനയത്തിലും സജീവമാണ്. ധനുഷ് നായകനായി കഴിഞ്ഞദിവസം റിലീസ് ചെയ്ത ‘തിരുചിത്രമ്പലം’ എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു.
നിരവധി ആരാധകരും സിനിമാ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ കഴിയട്ടെ എന്ന് ആശംസകള്‍ അറിയിച്ചു.




