
കൽപ്പറ്റ : വ്യാജ ട്രേഡിങ് വാഗ്ദാനത്തിലൂടെ വയനാട് സ്വദേശിയുടെ 33 ലക്ഷം രൂപ തട്ടിയ കേസിൽ മലപ്പുറം സ്വദേശിയായ നിയമ വിദ്യാർഥി അറസ്റ്റിൽ. ബംഗളുരുവിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന താനൂർ സ്വദേശി താഹിറിനെയാണ് (32) വയനാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പാർട്ട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് ടെലഗ്രാം ആപ് വഴി പരസ്യം നൽകിയാണ് വയനാട് വെള്ളമുണ്ട സ്വദേശിയിൽനിന്ന് പണം തട്ടിയത്.
ടെലഗ്രാമിലെ പരസ്യം കണ്ട് ബന്ധപ്പെട്ട വെള്ളമുണ്ട സ്വദേശിക്ക് വ്യാജ ആപ് വഴി വിവിധ ടാസ്കുകൾ നൽകി കുറഞ്ഞ തുക കൈമാറി. പിന്നീട് വലിയ തുക വാങ്ങിയെടുത്തു. ലാഭവും മുതലും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിക്കാതെയായി. പണം തട്ടിയെടുത്തെന്ന് മനസ്സിലായതോടെ ദേശീയ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി നൽകുകയായിരുന്നു.
കേസിൽ നേരത്തെ താനൂർ സ്വദേശിയായ ഫഹദിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിൽ താഹിറിനാണ് പണം കൈമാറ്റം ചെയ്തതെന്ന് വ്യക്തമായി.
ഇതിനിടെ മറ്റൊരു കേസിൽ താഹിറിനെ താനൂർ പൊലീസ് പിടികൂടി. കാറിൽനിന്ന് 33 എടിഎം കാർഡ്, 10 ചെക്ക് ബുക്ക്, ബാങ്ക് പാസ് ബുക്കുകൾ, നാല് മൊബൈൽ ഫോൺ എന്നിവയടക്കമാണ് അറസ്‌റ്റ് ചെയ്തത്. തുടർന്നും ഇയാൾ താനൂരിൽത്തന്നെയുണ്ടെന്ന് മനസ്സിലാക്കി വയനാട് സൈബർ പൊലിസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




