കിത്താബിലെ കുട്ടികളുടെ കരച്ചില്‍ കാണാത്തവര്‍, എന്റെ ഫോട്ടോ വെക്കേണ്ട

മാതൃഭൂമി ലേഖനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നാടകകൃത്ത് റഫീഖ് മംഗലശ്ശേരി

കാമ്പസ് നാടകങ്ങളുടെ ചരിത്രം പറയുന്ന ലേഖനത്തില്‍ തന്റെ ഫോട്ടോ വെച്ചതിന്റെ പ്രസക്തി ചോദ്യം ചെയ്ത് നാടകകൃത്ത് റഫീഖ് മംഗലശ്ശേരി. ഈ ആഴ്ചത്തെ മാതൃഭുമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ താന്‍ ഇതുവരെ ഇടപെടാത്ത ക്യാമ്പസ് നാടകങ്ങളെ കുറിച്ചുള്ള ലേഖനത്തില്‍് തന്റെ ഫോട്ടോ വെച്ചതിനെ കുറിച്ചാണ് റഫീഖ് തന്റെ ഫെയസ്ബുക്ക് പേജിലെ കുറിപ്പിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.

നേരത്തെ സ്‌കൂള്‍ നാടകങ്ങളെ കുറിച്ചുള്ള ലേഖനത്തിലൊരിടത്തും പേര് പരാമര്‍ശിക്കാതിരുന്ന മാതൃഭൂമി ഇപ്പോള്‍ തന്റെ ഫോട്ടോ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചതിനെതിരെയായിരുന്നു റഫീഖിന്റെ പ്രതികരണം. സ്‌കൂള്‍ നാടകങ്ങളില്‍ ഒരു പതിറ്റാണ്ടായി റഫീഖ് മംഗലശ്ശേരി സജീവസാനിധ്യമാണ്. അദ്ദേഹത്തിന്റെ ഭ്‌റ്ര്‍.. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒരുതവണ ഒന്നാംസ്ഥാനം നേടിയിരുന്നു. കൊട്ടേംകരീം, അന്നപ്പെരുമ എന്നീ നാടകങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ അദ്ധ്യായനവര്‍ഷത്തില്‍ മതമൗലികവാദികളുടെ എതിര്‍പ്പുകൊണ്ട് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ഏറെ ചര്‍ച്ചചെയ്യപ്പെട്ട, ലക്ഷക്കണക്കിന് ആളുകള്‍ കണ്ട കിത്താബ് എന്ന നാടകത്തിന്റെ പേരുപോലും സ്‌കൂള്‍ നാടകത്തെ കുറിച്ചുള്ള ലേഖനത്തില്‍ പരാമര്‍ശിച്ചില്ലെന്നും റഫീക് തന്റെ ഫേസ്ബുക്ക് വാളില്‍ കുറിക്കുന്നു.

റഫീഖ് മംഗലശ്ശേരിയുടെ ഫെയസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കാമ്പസ് നാടകങ്ങളുടെ ചരിത്രം പറയുന്നിടത്ത് എന്തിനാണ് എന്റെ ഫോട്ടോ വെച്ചിരിക്കുന്നത് ?!

കാമ്പസ് നാടകവേദിയിലോ ,
ഹയർ സെക്കണ്ടറി നാടകവേദിയിലോ ഞാനിതുവരെ സജീവമായി ഇടപെടുകയോ 
പേരെടുത്ത് പറയാവുന്ന ഒരു നാടകമോ ചെയ്തിട്ടില്ല ….!!

എന്നാൽ ,
കുട്ടികളുടെ നാടകവേദിയിൽ
കഴിഞ്ഞ ഇരുപത് വർഷത്തോളമായി സജീവമായി ഇടപെടുകയും ,
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച ‘ ഭ്റ്ർ ‘ ,
സദസ്സ് ഒന്നടങ്കം എഴുനേറ്റു നിന്ന് കയ്യടിച്ച 
‘കൊട്ടേം കരിം’ , ‘അന്നപ്പെരുമ്മ’ തുടങ്ങീ ഒട്ടേറെ നാടകങ്ങൾ കുട്ടികൾക്കുവേണ്ടി എഴുതി സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുമുണ്ട് …!!

പക്ഷേ ,,, 
ഇതിന് തൊട്ടുമുമ്പത്തെ 
മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ,
സ്കൂൾ കലോത്സവ നാടകങ്ങളെപ്പറ്റി പറഞ്ഞപ്പോൾ ,
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം ലഭിച്ച ഏതാണ്ട് എല്ലാ നാടകക്കാരേയും ,
അവർ ചെയ്ത നാടകങ്ങളുടെ പേരും രേഖപ്പെടുത്തുകയുണ്ടായി …! 
എന്നാൽ,,,, എന്തുകൊണ്ടോ എന്നേയും എന്റെ നാടകങ്ങളേയും ബോധപൂർവ്വം തിരസ്ക്കരിക്കുകയാണു ചെയ്തത് ….!

കുട്ടികളുടെ നാടകവേദിയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും , യൂടൂബിലൂടെ ലക്ഷക്കണക്കിനാളുകൾ കാണുകയും ചെയ്ത ‘കിത്താബ് ‘ എന്ന നാടകത്തിന്റെ 
പേര് പോലും ആ ലേഖനത്തിൽ പരാമർശിക്കുകയുണ്ടായില്ല …!
പകരം , 
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 
ബി ഗ്രേഡ് ലഭിച്ച ‘ഊശാന്താടി രാജാവ് ‘
എന്ന നാടകത്തെ ഒന്നാം സ്ഥാനം ലഭിച്ച നാടകമാക്കി മാറ്റി , ആ ലേഖനത്തിൽ കൊട്ടിഘോഷിക്കുകയാണുണ്ടായത് …!

ഇനി ഞാൻ ആ കാര്യം പറയാം ,
പ്രശാന്ത് നാരായണന്റെ കോളത്തിൽ സ്കൂൾ നാടകങ്ങളുടെ ചരിത്രം പറഞ്ഞപ്പോൾ ഏറെ ചർച്ച ചെയ്യപ്പെട്ട ‘കിത്താബ്’ എന്ത് കൊണ്ട് പരാമർശിച്ചില്ലാ എന്നും, മതമൗലികവാദികളുടെ എതിർപ്പിനെത്തുടർന്ന് സംസ്ഥാന കലോത്സവത്തിൽ നാടകം അവതരിപ്പിക്കാനാവാതെ പോയ ,
ആ കുട്ടികളുടെ കണ്ണീര് മൂടിവെച്ചത് ഒട്ടും ശരിയായില്ലെന്നും ഞാൻ മാതൃഭൂമി പത്രാധിപർ സുഭാഷ് ചന്ദ്രനേയും, 
പ്രശാന്ത് നാരായണനെയും വിളിച്ച് പറയുകയുണ്ടായി .
അന്ന് ഒരു വ്യക്തമായ മറുപടി രണ്ടാളും നൽകിയില്ല…!

ഹായ്… രണ്ടാഴ്ച കഴിഞ്ഞപ്പോഴിതാ മാതൃഭൂമിയിൽ മഹാന്മാരായ നാടകക്കാരോടൊപ്പം എന്റെ പടം…!

ഞാൻ ശരിക്കും ഞെട്ടിപ്പോയി…!!

അല്ലയോ മാതൃഭൂമിക്കാരാ ….
നിങ്ങൾ ചെയ്യുന്ന ചരിത്ര നിഷേധത്തിന് പ്രത്യുപകാരമാണോ എന്റെ ആ ഫോട്ടോ…?!

സ്കൂൾ കലോത്സവ നാടകങ്ങളുടെ ചരിത്രത്തിൽ നിന്ന് എന്നെ ബോധപൂർവ്വം വെട്ടിമാറ്റിയതിന് പകരമായിട്ടായിരിക്കുമല്ലേ ,
ഇപ്പോൾ നിങ്ങൾ കാമ്പസ് നാടകങ്ങളുടെ ചരിത്രത്തിൽ എന്നെ തിരുകിക്കയറ്റിയത് ….?!
കഷ്ടം …!!

ഇങ്ങിനെ ആരെയെങ്കിലും സുഖിപ്പിക്കാൻ വേണ്ടി ചരിത്രത്തെ വളച്ചൊടിച്ച് നിർമ്മിക്കാൻ നിങ്ങൾക്ക് നാണമില്ലേ …?!

ഇല്ല മാതൃഭൂമിക്കാരാ …. അങ്ങിനെ അർഹിക്കാത്ത ഒരു അംഗീകാരവും 
ഞാൻ വാങ്ങാറില്ല ….!
ചെയ്ത പണിക്ക് മാത്രമേ ഞാൻ കൂലി വാങ്ങാറുള്ളൂ … 
ചെയ്യാത്ത പണിക്ക് കൂലി വാങ്ങാറില്ല …!

അതുകൊണ്ട് ,
മാതൃഭൂമിയോടും പ്രശാന്ത് നാരായണനോടും എനിക്ക് ഒന്നേ പറയാനുള്ളൂ ….,
നിങ്ങളെപ്പോലെയുള്ള
സവർണ്ണ നാടക തമ്പുരാക്കന്മാർ എഴുതുന്ന 
നാടക ചരിത്രത്തിൽ നിന്നും , നിങ്ങൾ എന്നെ വെട്ടിമാറ്റിക്കോളൂ …!
പക്ഷേ ,,,, 
എന്റെ പേരിൽ ഇല്ലാക്കഥകൾ 
എഴുതിപ്പിടിപ്പിച്ച് , എന്റെ തല നിങ്ങളുടെ ആഴ്ചപ്പതിപ്പിൽ അച്ചടിക്കാൻ ഞാൻ സമ്മതിക്കില്ല …!
കാരണം ,
എന്റെ തല ഞാനാർക്കും പണയം വെച്ചിട്ടില്ല ..! പണയം വെയ്ക്കാനും പോകുന്നില്ല….!!

കഥയെഴുതിച്ച് രണ്ട് ലക്ഷം തരാന്ന് ആദ്യം പറയുക , പിന്നെ രണ്ട് ലക്ഷത്തിന് പറ്റിയ കഥയൊന്നും ഇല്ല എന്ന് പറയുക ,
തുടങ്ങിയ നാണംകെട്ട കലാപരിപാടികൾ പാവം കഥാകൃത്തുക്കളോട് മതി.
മാതൃഭൂമി എന്നു കേൾക്കുമ്പോഴേക്കും ഓച്ചാനിച്ചു നിൽക്കുന്ന കഥാകൃത്തുക്കളും നാടകക്കാരുമുണ്ടാവാം …!
പക്ഷേ ,,, ആ കൂട്ടത്തിൽ എന്നെ കൂട്ടണ്ട….!!

Related Articles