കായംകുളം : സ്വന്തം മരണരംഗം മുമ്പും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് വീണ്ടും അത്തരത്തില്‍ ഒരു ശ്രമം നടത്തുന്നതിനിടെ അബദ്ധത്തില്‍ മരിച്ചു. കായംകുളം എരുവ വെട്ടത്തേക്ക് തറയില്‍ പരേതനായ ശശിയുടെ മകന്‍ അഭിലാഷ് (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങി മരിക്കുന്ന രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടെയാണ് അബദ്ധത്തില്‍ യുവാവിന്റെ കഴുത്തില്‍ കയര്‍മുറുകി മരണപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് അഭിലാഷിന്റെ ഫോണ്‍ പോലീസ് പരിശോധിക്കുന്നതിനിടെ മരണം ചിത്രീകരിക്കുന്നതിനിടയിലാണ് യുവാവ് മരണപ്പെട്ടതെന്ന് മനസ്സിലായത്. ഇതിന് മുമ്പും ഇയാള്‍ സ്വന്തം ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരത്തിലുള്ള വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെ സുഹൃത്തുകളും വീട്ടുകാരും ഇയാളെ ശകാരിച്ചിരുന്നു. കായംകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അഭിലാഷ്. ആഗസ്റ്റ് മാസത്തില്‍ ഇയാളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മാതാവ് ശാന്തമ്മ, സഹോദരങ്ങള്‍ അനീഷ്, അഞ്ജന.




