നോട്ട ഇല്ല; എന്‍ഡ് ബട്ടണ്‍ അമര്‍ത്താം

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനില്‍ നോട്ട (NOTA) രേഖപ്പെടുത്താന്‍ കഴിയില്ല. വിവിപാറ്റ് മെഷീനുമുണ്ടാകില്ല. നോട്ടക്ക് പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ‘എന്‍ഡ്’ ബട്ടണ്‍ അമര്‍ത്തി മടങ്ങാം.

ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ചുവപ്പ് നിറത്തിലുള്ള ‘എന്‍ഡ് ബട്ടണ്‍’ ഉള്ളത്. ഇഷ്ടമുള്ള തലത്തിലേക്ക് മാത്രം വോട്ടുചെയ്തശേഷം ‘എന്‍ഡ് ബട്ടണ്‍’ അമര്‍ത്താനും അവസരമുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ ഏതു തലത്തിലേക്കാണോ വോട്ട് രേഖപ്പെടുത്താതിരിക്കുന്നത് ആ തലത്തിലെ ആകെ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം മറ്റു തലങ്ങളിലേതിനേക്കാള്‍ ഒന്ന് കുറവായിരിക്കും. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, പ്രക്രിയ പൂര്‍ത്തിയായതിന്റെ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും. ഒന്നോ അതിലധികമോ തലങ്ങള്‍ ഒഴിവാക്കിയാണ് വോട്ട് ചെയ്യുന്നതെങ്കില്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാവൂ. മൂന്ന് തലങ്ങളിലേക്കും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടെങ്കില്‍ ഇതിന്റെ ആവശ്യമില്ല. വോട്ടര്‍ ഒരിക്കല്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍, അയാള്‍ക്ക് പിന്നീട് ഒരു തലത്തിലേക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തൂ. എല്ലാ തലങ്ങളിലേക്കും വോട്ട് ചെയ്യാതിരിക്കുകയും എന്‍ഡ് ബട്ടണ്‍ അമര്‍ത്താതെ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റ് വിടുകയും ചെയ്താല്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യുന്ന അറയില്‍ പ്രവേശിച്ച് എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിങ് പൂര്‍ത്തിയാക്കും.

 

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top