Section

malabari-logo-mobile

കടുവ ഭീതിയില്‍ ചീരാല്‍ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

HIGHLIGHTS : Educational institutions in Chiral village will be closed tomorrow due to tiger fear

മൂന്നാഴ്ചയായി തുടരുന്ന വയനാട് ചീരാലിലെ കടുവാ ഭീതിയില്‍ ചീരാല്‍ വില്ലേജിലെ മദ്രസകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പിന്റെ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചു. മയക്കുവെടി വെച്ച് പിടികൂടാന്‍ ആര്‍ആര്‍ടി സംഘം പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തുകയാണ്. അതിനിടെ പ്രദേശത്ത് വീണ്ടും കടുവയിറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രികാല പട്രോളിംഗ് ശക്തമാക്കുമെന്ന് വനപാലകര്‍ അറിയിച്ചു.

ക്ഷീര കര്‍ഷകര്‍ ഏറെയുള്ള മേഖലകൂടിയായ ഇവിടെ എട്ട് വളര്‍ത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി മൃഗങ്ങള്‍ക്ക് പരിക്കേറ്റു. ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കടുവയെ പിടികൂടാന്‍ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. മൂന്ന് കൂടുകള്‍ സ്ഥാപിച്ചെങ്കിലും കടുവ കുടുങ്ങിയിട്ടില്ല.

sameeksha-malabarinews

വനാതിര്‍ത്തിയും സ്വകാര്യ തോട്ടങ്ങളുമുള്ള പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണ്. എത്രയും വേഗം കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയും കടുവയുടെ ആക്രമണത്തില്‍ രണ്ട് പശുക്കള്‍ക്ക് പരിക്കേറ്റിരുന്നു. കണ്ടര്‍മ്മല വേലായുധന്‍, കരുവള്ളി ജയ്‌സി എന്നിവരുടെ പശുക്കളാണ് ആക്രമിക്കപ്പെട്ടത്.

ജില്ലയില്‍ പല മേഖലകളിലും കടുവ ശല്യം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. സ്വകാര്യ തോട്ടങ്ങളില്‍ കടുവകള്‍ എത്താനുള്ള സാധ്യതയില്ലാതാക്കാന്‍ അടിക്കാടുകള്‍ വെട്ടിതെളിക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചീരലിന് പുറമേ കൃഷ്ണഗിരി, ദൊട്ടപ്പന്‍ കുളം, ആറാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!