തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോകകേരളസഭാ പ്രതിനിധികളുമായും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്‌കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഓരോ കുട്ടിയുടെയും അധ്യാപകര്‍ തന്നെ അവര്‍ക്ക് ക്ലാസ്സെടുക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മാറ്റും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കാനായത്. കമ്പോളത്തില്‍ ലഭ്യമാകുന്ന തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളുമായി ബന്ധപ്പെടും.
രണ്ടാം കോവിഡ് വ്യാപനം വേഗതയില്‍ ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കയിടത്തും പത്തില്‍ താഴാതെ നില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി മൂന്നാം തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് പെട്ടെന്ന് സ്‌കൂളില്‍ പോകാന്‍ പറ്റാത്ത സ്ഥിതി ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസം കാര്യക്ഷമമായി തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.



