എടപ്പാള്‍ ഓട്ടം ട്രോളി മന്ത്രി ശിവന്‍കുട്ടി; എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനം നാളെ

എടപ്പാള്‍: എടപ്പാള്‍ ഓട്ടം ട്രോളി മന്ത്രി ശിവന്‍കുട്ടി. എടപ്പാള്‍ മേല്‍പ്പാലം നാളെ രാവിലെ ഉദ്ഘാടനം ചെയ്യാനിരിക്കെ പഴയ എടപ്പാള്‍ ഓട്ടം ഓര്‍മ്മിപ്പിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ട്രോള്‍. ‘എടപ്പാള്‍ ഓട്ടം, ഇനി മേല്‍പ്പാലത്തിലൂടെ…’ എന്നാണ് മന്ത്രിയുടെ ട്രോള്‍. രസകരമായ കമന്റുകളും മന്ത്രിയുടെ പോസ്റ്റിന് പിന്നാലെ എത്തുന്നുണ്ട്.

ശബരിമല യുവതി പ്രവേശനത്തിനെതിരെ കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു എടപ്പാള്‍ ഓട്ടം പ്രസിദ്ധമായത്. എടപ്പാള്‍ ജംഗ്ഷനില്‍ വച്ച് നാട്ടുകാര്‍ വളഞ്ഞതോടെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എല്ലാം ഉപേക്ഷിച്ച് ഓടുകയായിരുന്നു.

എടപ്പാള്‍ മേല്‍പ്പാലം നാളെ രാവിലെയാണ് നാടിന് സമര്‍പ്പിക്കുക. രാവിലെ 10ന് മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം നിര്‍വഹിക്കുക. പാലം യാഥാര്‍ഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസത്തിന് പരിഹാരമാകും. പാലത്തിന്റെ നാട മുറിക്കല്‍ പരിപാടിക്ക് ശേഷം കുറ്റിപ്പുറം റോഡില്‍ ബൈപാസ് റോഡിന് ഏതിര്‍വശത്തെ ഒഴിഞ്ഞ സ്ഥലത്താണ് ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിക്കുക. ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനാകും.

മന്ത്രിമാരായ വി അബ്ദുറഹിമാന്‍, കെ എന്‍ ബാലഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എമാരായ പി നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികളും വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുള്ളത്.

കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട് തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എഇഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം.

8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയ്ക്കാണ് മേല്‍പ്പാലം നിര്‍മിച്ചത്.

 

Share news
error: Content is protected !!
Scroll to Top