പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ വിതരണം ചെയ്തു

കോഴിക്കോട്:ഹരിത കേരളം മിഷൻ നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപാധികൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു കെ ചന്ദ്രൻ നിർവഹിച്ചു.

ഇൻസിനറേറ്റർ, മെൻസ്‌ട്രുവൽ കപ്പ് തുടങ്ങിയവ നൽകി ആർത്തവ ശുചിത്വം ഉറപ്പാക്കാനും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് മിഷൻ ലക്ഷ്യമിടുന്നത്. ജില്ലയിൽ 26 വിദ്യാലയങ്ങൾക്കായി സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററും 27 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുഴുവൻ ഹരിത കർമ സേന അംഗങ്ങൾക്കും ജില്ലയിലെ 14 നെറ്റ് സീറോ തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അംഗങ്ങൾക്കുമാണ് മെൻസ്‌ട്രുവൽ കപ്പ് വിതരണം ചെയ്തത്.

കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആർദ്രം മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. കെ അഖിലേഷ് അധ്യക്ഷനായി. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു, കൗൺസിലർ പി എം ബിജു, ഹരിത കേരളം മിഷൻ ജില്ലാ കോഓഡിനേറ്റർ ഷാജി എം സ്റ്റീഫൻ, കുടുംബശ്രീ പ്രോജക്ട് മാനേജർ ശ്രീഹരി, ബ്ലോക്ക് കോഓഡിനേറ്റർ എം പി നിരഞ്ജന എന്നിവർ സംസാരിച്ചു. ‘ആർത്തവ ശുചിത്വം’ വിഷയത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോ. ദിവ്യ ക്ലാസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top