ഓണക്കാലത്ത് റേഷന്‍ കടകളിലൂടെ പരമാവധി പുഴുക്കലരി ലഭ്യമാക്കാന്‍ നിര്‍ദേശം

മലപ്പുറം: ഓണക്കാലത്ത് റേഷന്‍ കടകള്‍ വഴി പരമാവധി പുഴുക്കലരി വിതരണം ചെയ്യാന്‍ ജില്ലാതല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനം. പച്ചരിയോടൊപ്പം ആനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ആദിവാസി വിഭാഗങ്ങള്‍ ഏറെയുള്ള നിലമ്പൂര്‍ താലൂക്കില്‍ ഇക്കാര്യത്തില്‍ പ്രത്യേകം പരിഗണന നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു. റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ സുതാര്യമാക്കിയതായി ഇതു സംബന്ധിച്ച ചോദ്യത്തിന് ഭക്ഷ്യ കമ്മീഷന്‍ അംഗം മറുപടി നല്‍കി.

സര്‍ക്കാരിന്റെ കെ സ്റ്റോര്‍ പൈലറ്റ് പദ്ധതിയായി ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. സപ്ലൈക്കോ ശബരി ഉത്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, ചോട്ടു ഗ്യാസ്, 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് സര്‍വീസുകള്‍ തുടങ്ങിയവ കെ സ്റ്റോറുകളില്‍ നിന്ന് ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും രണ്ട് കോടിയിലധികം രൂപ പിഴ ഇനത്തില്‍ ഈടാക്കുകയും മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് പരിശോധനകള്‍ തുടര്‍ന്നു വരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്ത് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട് ഉപജില്ലകളിലെ സ്‌കൂള്‍ പാചകക്കാര്‍, ബന്ധപ്പെട്ട അധ്യാപകര്‍ എന്നിവര്‍ക്ക് ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പരിശീലനം നല്‍കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.പി രമേഷ്‌കുമാര്‍ യോഗത്തില്‍ അറിയിച്ചു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ തല ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി അധ്യക്ഷത വഹിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗം വി. രമേശന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി, ജനപ്രതിനിധികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top