HIGHLIGHTS : Drug use centered on railway tracks in Parappanangadi: 5 arrested

റെയില്‍വേ ട്രാക്കുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി പോലീസും താനൂര്‍ സബ്ഡിവിഷന്‍ ഡാന്‍സാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുള്‍പ്പെടെ പിടിയിലായത്.
പരപ്പനങ്ങാടി ഓവര്‍ ബ്രിഡ്ജിന് താഴെ റെയില്‍വേ ട്രാക്കില്‍ നിന്നും വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ നിന്നും അയ്യപ്പന്‍ കാവ് റെയില്‍വെ പുറമ്പോക്കില്‍ നിന്നുമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത 9-ാം ക്ലാസുകാരന്‍ വീട്ടില്‍ നിന്നും സ്‌കൂളില്‍ പോകുന്നു എന്നു പറഞ്ഞിറങ്ങിയിട്ട് കഞ്ചാവ് വലിക്കുവാനായി റെയില്‍വേ ട്രാക്കില്‍ എത്തുകയായിരുന്നു. പിടിയിലായവരുടെ പേരില്‍ മയക്കുമരുന്ന് ഉപയോഗിച്ചതിന് എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആളുടെ പേരില്‍ ജുവനൈല്‍ കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി.
പ്രായപൂര്‍ത്തി ആകാത്തയാള്‍ക്ക് മയക്കുമരുന്ന് കൊടുത്തയാളുടെ പേരില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസ് എടുത്തിട്ടുണ്ട്. പ്രതിക്ക് 7 വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നും നിലവില്‍ എന്‍ഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് ഉപയോഗിച്ചാല്‍ 6 മാസം തടവ് ശിക്ഷ ലഭിക്കുമെന്നും പോലീസ് പറഞ്ഞു.

പരപ്പനങ്ങാടി സിഐ ഹണി കെ.ദാസ്, എസ്‌ഐ പ്രദീപ് കുമാര്‍ , പരമേശ്വരന്‍ പോലീസുകാരായ രാമചന്ദ്രന്‍ ,രഞ്ചിത്ത്, ദിലീപ്, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍ , സബറുദീന്‍, ജിനേഷ് , വിപിന്‍ , അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെസിഡന്‍സ് അസോസിയേഷനുകളും ക്ലബുകളും മറ്റുമായി ചേര്‍ന്നുകൊണ്ട് പരിശോധന തുടരുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.