Section

malabari-logo-mobile

ഡ്രിപ് പദ്ധതിയുടെ രണ്ടാംഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കും:  കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍

HIGHLIGHTS : ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ (ഡ്രിപ്) രണ്ടാം ഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെ...

ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഡാം റിഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ (ഡ്രിപ്) രണ്ടാം ഘട്ടം 18 സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ജലവിഭവ നദി വികസന സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു. കോവളത്ത് ആരംഭിച്ച അന്താരാഷ്ട്ര ഡാം സുരക്ഷാ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമാകാന്‍ 16 സംസ്ഥാനങ്ങള്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. 9000 കോടി രൂപയാണ് രണ്ടാം ഘട്ട പദ്ധതിക്കായി ലോകബാങ്കില്‍ നിന്ന് ലഭിക്കുക. പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളുണ്ട്. ജലസുരക്ഷയ്ക്ക് ഡാമുകള്‍ അത്യന്താപേക്ഷിതമാണ്. ജലം സംരക്ഷിക്കുന്നതിന് കൂടുതല്‍ ഡാമുകള്‍ നിര്‍മ്മിക്കേണ്ട സ്ഥിതിയാണ്. എന്നാല്‍ ഡാമുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും വേണം. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അന്തര്‍ദ്ദേശീയ പരിശീലനം ലഭ്യമാക്കണം. ആയിരം വര്‍ഷം വരെ പഴക്കമുള്ള ഡാമുകള്‍ ഇന്ത്യയിലുണ്ട്. 447 പുതിയ ഡാമുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. മറ്റു രാജ്യങ്ങളിലെ വിജയകരമായ മാതൃകകള്‍ ഇന്ത്യ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു.
പരിസ്ഥിതി പ്രശ്‌നങ്ങള്‍ കാരണം പുതിയ ഡാമുകള്‍ നിര്‍മ്മിക്കുന്നതിന് കേരളത്തില്‍ എതിര്‍പ്പുണ്ടെന്നും അതിനാല്‍ നിലവിലെ ഡാമുകള്‍ ശക്തിപ്പെടുത്തി സംരക്ഷിക്കുന്നതിന് പ്രാധാന്യം നല്‍കുമെന്നും അദ്ധ്യക്ഷത വഹിച്ച വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. കേരളത്തിന്റെ ജലവൈദ്യുതി പദ്ധതികളില്‍ ഡാമുകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. കേരളത്തിലെ പ്രധാന ഡാമുകളെല്ലാം 20 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. കഴിഞ്ഞ വര്‍ഷത്തെ കടുത്ത വേനലിലും ഡാമുകളുള്ള സ്ഥലങ്ങളില്‍ ജലദൗര്‍ലഭ്യം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു.
ഡ്രിപ് പദ്ധതിയുടെ ഭാഗമായി കേരളം ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. രണ്ടാം ഘട്ടത്തിലേക്ക് കൂടുതല്‍ പദ്ധതികള്‍ കേരളം സമര്‍പ്പിക്കും. ഡാം സുരക്ഷ സംബന്ധിച്ച കേന്ദ്ര ജല കമ്മീഷന്റെ മാര്‍ഗരേഖകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ജല കമ്മീഷന്‍ ചെയര്‍മാന്‍ എസ്. മസൂദ് ഹുസൈന്‍, കെ. എസ്. ഇ. ബി എം. ഡി ഡോ.കെ. ഇളങ്കോവന്‍, ലോകബാങ്ക് ലീഡ് ഡാം സ്‌പെഷ്യലിസ്റ്റ് സറ്റോരു ഇദ, വലിയ ഡാമുകളുടെ അന്താരാഷ്ട്ര കമ്മീഷനായ ഐകോള്‍ഡിന്റെ പ്രസിഡന്റ് പ്രൊഫ. ഡോ. ആന്റണ്‍ ജെ. ഷ്യെല്‍സ്, ആസ്‌ട്രേലിയന്‍ വാട്ടര്‍ പാര്‍ട്ട്ണര്‍ഷിപ്പ് സി. ഇ. ഒ ഡോ. നിക്കോളാസ് ഷൊഫീല്‍ഡ്, കേന്ദ്ര ജലമന്ത്രാലയം ജോ. സെക്രട്ടറി സഞ്ജയ് കുണ്‍ഡ് എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!