ആരോഗ്യ രംഗത്ത് ലോകത്തിന് മാതൃകയായ വ്യക്തിയാണ് ഡോ. എം.എസ് വല്യത്താൻ: മുഖ്യമന്ത്രി

ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളിലൂടെ ലോകത്തിനാകെ മാതൃകയായിത്തീർന്ന ഡോ. എം എസ് വല്യത്താനെ അനുസ്മരിക്കുന്നത് ഏറെ വേദനയോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഐ.എംജിയിൽ നടന്ന ഡോ. എം. എസ് വല്യത്താൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈദ്യശാസ്ത്രജ്ഞൻ എന്നതിലുപരി അനേകം സവിശേഷതകൾ നിറഞ്ഞതായിരുന്നു ധന്യമായ അദ്ദേഹത്തിന്റെ ജീവിതം. വൈദ്യശാസ്ത്രം നമുക്കെല്ലാം അറിവുള്ളതുപോലെ അനേകം കൈവഴികളുള്ള ഒരു മേഖലയാണ്. ആധുനിക മേഖലയിലും പരമ്പരാഗത മേഖലയിലും അറിവും അവഗാഹവുമുള്ള അപൂർവ്വം വ്യക്തിത്വങ്ങളിലൊരാളാണ് ഡോ. എം എസ് വല്യത്താൻ.  വൈദ്യശാസ്ത്ര രംഗത്തിന് നമ്മുടെ നാട് നൽകിയ മഹത്തായ സംഭാവനയാണ് അദ്ദേഹം. ആ ഹൃദയത്തിന്റെ മിടിപ്പ് നിലച്ചുപോയെങ്കിലും ഹൃദയശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം തെളിച്ച പുതുവഴികൾ തുടർന്നും അനേകം ഹൃദയങ്ങൾക്ക് മിടിപ്പു നൽകും. അങ്ങനെ നോക്കുമ്പോൾ മനുഷ്യവംശം നിലനിൽക്കുന്നിടത്തോളം കാലം ഡോ. എം എസ് വല്യത്താന്റെ സ്മരണ അനശ്വരമായി തുടരും.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. തന്റെ പ്രൊഫഷണൽ ജീവിതത്തിലെ അനേകം നേട്ടങ്ങൾ അദ്ദേഹം കൈവരിച്ചത് ഈ നഗരത്തിൽ പ്രവർത്തിക്കുമ്പോഴാണ്. ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ എന്ന നിലയ്ക്കു മാത്രമല്ല, മെഡിക്കൽ ഗവേഷണ രംഗത്തും മെഡിക്കൽ സാങ്കേതികവിദ്യയിലും എണ്ണംപറഞ്ഞ സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിൽക്കൂടിയാണ് അദ്ദേഹം സ്മരിക്കപ്പെടുന്നത്. വൈദ്യശാസ്ത്രത്തിനു മാത്രമല്ല, മാനവരാശിയുടെ മുന്നേറ്റത്തിനായി തന്നെ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. അത്തരത്തിലുള്ള ഒരു വ്യക്തിക്ക് ജന്മം നൽകാൻ കേരളക്കരയ്ക്ക് കഴിഞ്ഞു എന്നത് നാടിനാകെ അഭിമാനം നൽകുന്ന വസ്തുതയാണ്. പഠനശേഷം ഇംഗ്ലണ്ടിലേക്ക് പോയ ഡോ. വല്യത്താന് അവിടെ മികച്ച ആരോഗ്യ, ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്തെത്താമായിരുന്നു. എന്നാൽ അദ്ദേഹം ആർജിച്ച കഴിവ് നാടിന്റെ പുരോഗതിക്ക് വിനിയോഗിക്കാനാണ് തീരുമാനിച്ചത്.

ഡോ. വല്യത്താൻ ശ്രീചിത്രയുടെ നേതൃത്വത്തിലേക്ക് എത്തുമ്പോൾ ഹൃദയ ശസ്ത്രക്രിയാ രംഗത്ത് ഇന്നത്തെ സ്ഥിതിയായിരുന്നില്ല. അന്നൊക്കെ ഹൃദയ വാൽവുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. ആ ഘട്ടത്തിൽ തന്നെ ഹൃദയവാൽവുകൾക്ക് തകരാർ ഉണ്ടാക്കുന്ന റുമാറ്റിക് ഹൃദ്രോഗം അടക്കമുള്ളവ കുട്ടികളിൽ കണ്ടെത്തുകയും ചെയ്തിരുന്നു. അവരുടെ ആരോഗ്യം സംരക്ഷിക്കണമെങ്കിൽ കൃത്രിമ ഹൃദയവാൽവുകൾ വേണ്ടിവരുമായിരുന്നു. എന്നാൽ, ഇറക്കുമതി ചെലവുകൾ കാരണം അവ സാധാരണക്കാർക്ക് അപ്രാപ്യമായിരുന്നു.

അത്തരമൊരു ഘട്ടത്തിലാണ് ഡോ. എം എസ് വല്യത്താന്റെ നേതൃത്വത്തിൽ കൃത്രിമ ഹൃദയവാൽവുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഒന്നര പതിറ്റാണ്ടുനീണ്ട ശ്രമങ്ങളുടെ ഫലമായാണ് നമുക്ക് കൃത്രിമ വാൽവുകൾ വികസിപ്പിക്കാൻ സാധിച്ചത്. 1990 ലാണ് ശ്രീചിത്രയിൽ വികസിപ്പിച്ച വാൽവ് ആദ്യമായി ഒരു ഹൃദ്‌രോഗിയിൽ വിജയകരമായി വെച്ചുപിടിപ്പിച്ചത്. ഇന്ന് ലക്ഷക്കണക്കിനു ഹൃദയങ്ങളിൽ ശ്രീചിത്രയിൽ വികസിപ്പിച്ചെടുത്ത ചിലവു കുറഞ്ഞ വാൽവ് മിടിക്കുന്നുണ്ട്. അത്തരമൊരു മുൻകൈ ഡോ. വല്യത്താന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നില്ലെങ്കിൽ രാജ്യത്തെ സാധാരണക്കാർക്ക് ഇന്നും ഹൃദയവാൽവുകൾ അപ്രാപ്യമായേനെ. ആ നിലയ്ക്കു നോക്കുമ്പോൾ ഗ്രീക്കു പുരാണങ്ങളിലെ പ്രൊമിത്യൂസിനോട് ഉപമിക്കാൻ കഴിയുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്.

വൈദ്യശാസ്ത്രത്തെ മികച്ച സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ചുള്ള പഠനവും പ്രവർത്തനവും നടത്തുന്ന രാജ്യത്തെ ആദ്യത്തെ ഗവേഷണ സ്ഥാപനമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്‌നോളജി മാറിയതിലും ലോകോത്തര നിലവാരത്തിലേക്ക് അത് ഉയർന്നതിലും ഡോ. എം എസ് വല്യത്താന്റെ സംഭാവന നിസ്തുലമാണ്.  തന്റെ നേതൃത്വത്തിൽ വികസിപ്പിക്കപ്പെട്ട കൃത്രിമ വാൽവിന് പേറ്റന്റ് നേടാൻ ശ്രമിക്കാതെ അത് ജനകീയമായ ഒന്നാക്കി മാറ്റാൻ അദ്ദേഹം തയ്യാറായി. ആധുനിക വൈദ്യശാസ്ത്രത്തിൽ അവഗാഹം ഉണ്ടായിരിക്കെത്തന്നെ ആയുർവേദ വൈദ്യശാസ്ത്രം പഠിക്കുകയും ആയുർവേദ ബയോളജി എന്ന ഒരു ശാസ്ത്രശാഖയ്ക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. ശാസ്ത്രത്തെ മനുഷ്യ നന്മയ്ക്കും മാനവരാശിയെ ഇല്ലാതാക്കാനും ഉപയോഗിക്കാം. ഡോ. വല്യത്താൻ ശാസ്ത്രത്തെ മനുഷ്യനന്മയ്ക്ക് പ്രയോജനപ്പെടുത്തി. തന്റെ ജീവിതത്തെയാകെ ഒരു സേവനോപാധിയായി കണ്ട ഡോ. എം എസ് വല്യത്താനെ തേടി നിരവധി ബഹുമതികൾ എത്തി. ആ മഹത് പ്രതിഭയുടെ കൈകളിലേക്ക് എത്തിച്ചേരുക വഴി ആ പുരസ്‌ക്കാരങ്ങളാണ് യഥാർത്ഥത്തിൽ ആദരിക്കപ്പെട്ടത്.

ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന്റെയാകെ ശ്രദ്ധ നേടിയവയാണ്. അവയെ കൂടുതൽ മുന്നോട്ടു കൊണ്ടുപോവാനും പുതിയ തലമുറ രോഗങ്ങളെ നേരിടാനും നമുക്കു കഴിയേണ്ടതുണ്ട്. അതിനായി ആരോഗ്യരംഗത്തെയും,  ചികിത്സാമേഖലയിലെയും ഇടപെടലുകൾക്കൊപ്പം ഗവേഷണ രംഗത്തും ഇടപെടലുകൾ നടത്തുകയാണ് സംസ്ഥാന സർക്കാർ. ലൈഫ് സയൻസ് പാർക്കും, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയും, മെഡിക്കൽ കൺസോർഷ്യവും, ന്യൂട്രാസ്യൂട്ടിക്കൽസ് സെന്ററും ജീനോം ഡേറ്റാ സെന്ററും, സെന്റർ ഓഫ് മൈക്രോബയോംസും എല്ലാം യാഥാർത്ഥ്യമാക്കുന്നത് ഇതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രൊഫ. കെ.വി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, ഡോ. സി.സി. കർത്ത, സി. പത്മകുമാർ, ഡോ. അച്യുത് ശങ്കർ എസ് നായർ, ചിത്രഹാർട്ട് വാൽവ് ആദ്യമായി സ്വീകരിച്ച കെ.ഡി മുരളീധരൻ, കെ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.

Share news
error: Content is protected !!
Scroll to Top