മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റി പത്തോളം ബൈക്കുകള്‍

തിരുവനന്തപുരം: നഗരമധ്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂദത്തിലേക്കു ചുവന്ന കൊടിയുമായി പത്തോളം ബൈക്കുകള്‍ ഓടിച്ചുകയറ്റിയത് അങ്കലാപ്പ് സൃഷ്ടിച്ചു. നഗരത്തിലെ ഒരു ഹോട്ടലിന്റെ പരസ്യ പ്രചാരണത്തിന് എത്തിയതായിരുന്നു ഈ ബൈക്കുകള്‍. ചുവന്ന കൊടി കണ്ടു സിപിഎം പ്രവര്‍ത്തകരോ, അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയവരോ ആണെന്നു കരുതി തടയാതിരുന്ന പോലീസുകാര്‍ ഇളിഭ്യരായി. സുരക്ഷാവീഴ്ചയെന്നും പരാതിയും ഉയര്‍ന്നു.

ഇന്നലെ 11.30ന് ജനറല്‍ ആശുപത്രി- എകെജി സെന്റര്‍ റോഡിലായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാല്‍ മറ്റുവാഹനങ്ങളെല്ലാം ഇവിടെ തടഞ്ഞിട്ടിരുന്നു. അപ്പോഴാണു പത്തോളം ബൈക്കുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ കാറിന് തൊട്ടടുത്തെത്തിയപ്പോഴാണ് ഹോട്ടലിന്റെ പരസ്യക്കാരാണെന്നു പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലിനു മുമ്പില്‍ പോലീസ് ജീപ്പ് കുറുകെയിട്ടു ബൈക്കുകാരെ തടഞ്ഞുനിര്‍ത്തി താക്കീത് നല്‍കി വിട്ടു.

ഹോട്ടലിന്റെ പ്രചാരണത്തിനായി മുന്‍കൂട്ടി അറിയിച്ചാണു ബൈക്ക് റാലി നടത്തിയതെന്നു സംഘാടകര്‍ അറിയിച്ചു. സമയവും റൂട്ടും നേരത്തേ പരസ്യപ്പെടുത്തിയിരുന്നു. എന്നിട്ടും സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഈ വിവരം അറിഞ്ഞിട്ടില്ല.

Share news
error: Content is protected !!
Scroll to Top