Section

malabari-logo-mobile

ദോഹയില്‍ നോക്കാനേല്‍പ്പിച്ച കുട്ടികളെ ഉപേക്ഷിച്ച് വീട്ടുവേലക്കാരി മുങ്ങി

HIGHLIGHTS : ദോഹ: നോക്കാനേല്‍പ്പിച്ച കുട്ടികളെ ഉപേക്ഷിച്ച് വീട്ടുവേലക്കാരി മുങ്ങിയതായി പരാതി.

Doha-Qatarദോഹ: നോക്കാനേല്‍പ്പിച്ച കുട്ടികളെ ഉപേക്ഷിച്ച് വീട്ടുവേലക്കാരി മുങ്ങിയതായി പരാതി. സ്‌പോണ്‍സറുടെ രണ്ട് ചെറിയ കുട്ടികളെ ആരുമില്ലാത്ത വീടിന്റെ ബാല്‍ക്കണിയില്‍ ഉപേക്ഷിച്ചാണ്  വീട്ടുവേലക്കാരി ഒളിച്ചോടിപ്പോയതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
ഡി റിംഗ് റോഡില്‍ ഓള്‍ഡ് എയര്‍പോര്‍ട്ടിനു സമീപം ഇവര്‍ താമസിക്കുന്ന വില്ലയിലെ രണ്ടാം നിലയില്‍ നിന്നും തന്ത്രപരമായിട്ടായിരുന്നു രക്ഷപ്പെടല്‍. ബാല്‍ക്കണിയില്‍ നിന്ന് ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി താഴേക്കിറക്കി അതില്‍ പിടിച്ചിറങ്ങിയാണ് രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികളെയും വില്ലയ്ക്ക് സമീപമുള്ള നിര്‍മാണ സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയും ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ആളുകള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്തെ വീട്ടില്‍ നിന്നും പട്ടാപ്പകലാണ് ഇവര്‍ രക്ഷപ്പെട്ടത്.
സമീപത്തെ കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ യുവതി ഇറങ്ങുന്നത് കണ്ട് സംശയം തോന്നി ഓടിയെത്തിയെങ്കിലും നേരത്തേ തയ്യാറാക്കി നിര്‍ത്തിയ ടാക്‌സി കാറില്‍ കയറി അവര്‍ രക്ഷപ്പെടുകയായിരുന്നു. തെക്ക് കിഴക്കനേഷ്യന്‍ രാജ്യത്ത് നിന്നുള്ള യുവതിയാണ് രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ഖത്തറിലേക്ക് ഏറ്റവുമധികം വീട്ടുവേലക്കാരികളെ അയക്കുന്ന രാജ്യത്തുനിന്നുള്ള യുവതിയാണ് ഇവരെന്ന് പെനിന്‍സുലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്ച രാവിലെ 10നും 11നും ഇടയിലാണ് സംഭവമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വേലക്കാരി രക്ഷപ്പെട്ടതോടെ തൊഴിലാളികള്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ താമസിക്കുന്ന വ്യക്തിയെ വിവരമറിയിക്കുകയും അദ്ദേഹം വീട്ടുടമയെ വിളിച്ചു വരുത്തുകയുമായിരുന്നു. ഉടമ വിവരമറിയിച്ചതനുസരിച്ച് പൊലീസും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കുട്ടികളെ ഏണി ഉപയോഗിച്ച് മുകളില്‍ കയറി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് വേലക്കാരിയുടെ സ്‌പോണ്‍സറായ അറബ് വംശജരായ ദമ്പതികളെ വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി കുട്ടികളെ ഏറ്റെടുക്കുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!