ബലിപെരുന്നാള്‍-ഓണം;നാട്ടിലെത്താന്‍ 3000 ഖത്തര്‍ റിയാലില്‍ കുറഞ്ഞ്‌ ഒരു ടിക്കറ്റും ലഭ്യമല്ല

Untitled-1 copyദോഹ: ബലിപെരുന്നാളും ഓണവും ഒരുമിച്ചെത്തിയതോടെ കേരളത്തിലേക്കുള്ള വിമാനങ്ങളിലും തിരക്ക്‌ വര്‍ധിച്ചു. ലഭ്യമാകുന്ന ചില സീറ്റുകള്‍ക്കാവട്ടെ താങ്ങാനാവാത്ത നിരക്കാണ്‌ ഈടാക്കുന്നത്‌. നാട്ടിലെത്തി തിരിച്ചുപോവാനായി കുറഞ്ഞത്‌ 3000 ഖത്തര്‍ റിയാലെങ്കിലും ചിലവാക്കേണ്ട അവസ്ഥായാണ്‌ നിലനില്‍ക്കുന്നത്‌.ഈ സാഹചര്യത്തെ പരമാവധി മുതലെടുക്കാനുള്ള മത്സരമാണ്‌ വിമാനകമ്പനികള്‍ തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്‌.

നേരത്തെ തന്നെ ഇന്ത്യന്‍ മേഖലയിലേക്ക്‌ ഉയര്‍ന്ന നിരക്കാണ്‌ വിമാന കമ്പനികള്‍ ഈടാക്കുന്നത്‌. ഉത്സവ സീസണ്‍ കൂടി വന്നെത്തിയതോടെ ഈ നിരക്കുകളില്‍ വലിയ വര്‍ധനവാണ്‌ വരുത്തിയിരിക്കുന്നത്‌. അതെസമയം നേരത്തെ അവധി തീരുമാനിച്ചവര്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ടിക്കറ്റുകള്‍ വാങ്ങിയതിനാല്‍ ഭീമന്‍ നിരക്കില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്‌.

സെപ്‌തംബര്‍ 12 ന്‌ ശേഷം നാട്ടില്‍നിന്ന്‌ മടങ്ങുന്നവരുടെ അവസ്ഥയാണ്‌ ഏറ്റവും കഷ്ടം. കോഴിക്കോട്‌-ദോഹ സെക്ടറില്‍ നാല്‍പതിനായിരത്തില്‍ കുറവ്‌ ടിക്കറ്റ്‌ ലഭിക്കുന്ന വിമാനങ്ങള്‍ ഇല്ലെന്നും തന്നെ പറയാം. നീണ്ട അവധിക്ക്‌ പോയി നിര്‍ബന്ധമായും സെപ്‌തംബര്‍ പകുതിയോടെ തിരിച്ച്‌ വരേണ്ടവര്‍ വിവിധ വിമാന കമ്പനികളുടെ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്‌. ഉയര്‍ന്ന നിരക്ക്‌ നല്‍കിയാലും സെപ്‌റ്റംബര്‍ 15 മുതല്‍ 25 വരെ സീറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥയും നിലനില്‍ക്കുന്നു. വേനലവധി കഴിഞ്ഞ്‌ ഇന്ത്യന്‍ സ്‌ക്കൂളുകള്‍ തുറക്കുന്നത്‌ സപ്‌തംബര്‍ 18 നാണ്‌. കുടുംബത്തോടൊപ്പം തിരിച്ച്‌ പോരേണ്ടവര്‍ അധികവും ടിക്കറ്റ്‌ നേരത്തെ എടുത്തതിനാല്‍ വലിയ ചൂഷണത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ സാധിച്ചിട്ടുണ്ട്‌. അതെസമയം പുതിയ വിസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ ഈ നിരക്കുകള്‍ കണ്ട്‌ യാത്രകള്‍ മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്‌.

സപ്‌തംബര്‍ ഒന്‍പിന്‌ കോഴിക്കോട്ടേക്കും സപ്‌തംബര്‍ 17 ന്‌ തിരിച്ച്‌ ഖത്തര്‍ എയര്‍വെഴ്‌സിന്റെയും നിരക്ക്‌ 5010 റിയാലാണ്‌. സാധാരണ നിരക്കില്‍ നിന്ന്‌ ഇത്‌ രണ്ടിരട്ടി കൂടുതലാണ്‌. മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്‌, അമേരിക്ക സെക്ടറുകളിലേക്കും ഈ കാലയളവില്‍ വലിയ നിരക്കാണ്‌ നല്‍കേണ്ടി വരിക. ഖത്തര്‍ എയര്‍വെയ്‌സ്‌ വിവധ സെക്ടറുകളിലേക്ക്‌ നിരക്കിളവ്‌ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവധി ദിവസങ്ങളില്‍ ഈ നിരക്ക്‌ ബാധകമല്ല.

Related Articles