ജലാതിര്‍ത്തി ലംഘിച്ച ബഹറൈനില്‍ നിന്നുള്ള ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍

ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഖത്തര്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ബഹറൈനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട രണ്ടു ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇത്തവണ നിയമലംഘനത്തിന് പിടിയിലായത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

download (2)ദോഹ: ജലാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വീണ്ടും ഖത്തര്‍ തീരസംരക്ഷണ സേനയുടെ പിടിയിലായി. ബഹറൈനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട രണ്ടു ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇത്തവണ നിയമലംഘനത്തിന് പിടിയിലായത്.  തമിഴ്‌നാട് കന്യാകുമാരി സ്വദേശികളായ സൂസൈ രാജ്, യേശുബാലന്‍ എന്നിവരെയാണ് ഈ മാസം 16ന് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയതെന്ന് മല്‍സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രട്ടേണിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സാഫ് അധികൃതര്‍ പ്രധാനമന്ത്രി, പ്രവാസി കാര്യമന്ത്രി, ആഭ്യന്തരമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് കത്തയച്ചു. മല്‍സ്യത്തൊഴിലാളികള്‍ ദുഖാനിലുണ്ടെന്ന് സാഫ് അധികൃതര്‍ അറിയിച്ചു. യു എ ഇയില്‍ നിന്നുമുള്ള 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ജലാതിര്‍ത്തി ലംഘനത്തിനുള്ള ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതരായതിന് തൊട്ടു പിന്നാലെയാണ് വീണ്ടും രണ്ടു പേര്‍ ഖത്തറില്‍ പിടിയിലായത്. കസ്റ്റഡിയില്‍ കഴിയുന്ന മീന്‍പിടുത്തക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുമെന്നും ഇവരുടെ മോചനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. താരതമ്യേന ചെറിയ ജലാതിര്‍ത്തി മാത്രമല്ലുള്ള ഖത്തര്‍-ബഹറൈന്‍ തീരത്ത് മീന്‍ പിടുത്തക്കാരുടെ ജലാതിര്‍ത്തി ലംഘനം പുതിയ സംഭവമല്ല. യു എ ഇ, സഊദി അറേബ്യ, ഇറാന്‍, ഖത്തര്‍, ബഹറൈന്‍ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളായ മത്സ്യത്തൊഴിലാളികളാണ് ജലാതിര്‍ത്തി ലംഘനത്തിന്റെ പേരില്‍ തുടര്‍ച്ചയായി തീര സംരക്ഷണ സേനകളുടെ പിടിയിലാകുന്നത്. പിടിക്കപ്പെടുന്നവര്‍ നിയമ നടപടികളും ശിക്ഷാ നടപടികളും പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ മുതല്‍ വര്‍ഷങ്ങള്‍ വരെ തടവിലാക്കപ്പെടാറുണ്ട്. ഇതൊഴിവാക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളുടെ  ഭാഗത്തു നിന്നും അതാത് രാജ്യങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്തു നിന്നും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •