റേഷന്‍ കടയില്‍ നിന്നും വാങ്ങിയ പച്ചരിയില്‍ നിറമാറ്റമെന്ന വാര്‍ത്തയെ തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള പൊതുവിതരണ വകുപ്പ് സംഘം നേരിട്ട് പരിശോധന നടത്തി. നിലമ്പൂര്‍ ചക്കാലക്കുത്ത് കൈതക്കല്‍ സ്വദേശിനി നിലമ്പൂര്‍ താലൂക്കിലെ റേഷന്‍ കടയില്‍ നിന്നും കഴിഞ്ഞമാസം വാങ്ങിയ ഓണം സ്പെഷ്യല്‍ പച്ചരി വെള്ളത്തില്‍ കുതിര്‍ത്തു വച്ചപ്പോള്‍ ഒരു രാത്രികൊണ്ട് നിറം മാറി വയലറ്റ് നിറമായി എന്നതാണ് പരാതി.
പൊതുവിതരണ സംഘം വീട്ടിലെത്തി ഇതേ അരി വീട്ടിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് പരിശോധിച്ചപ്പോള്‍ നിറം മാറിയിട്ടില്ല. എങ്കിലും പരാതിക്കാരിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച അരിയുടെ സാമ്പിള്‍ ഭക്ഷ്യ വകുപ്പിന്റെ ലാബായ കോന്നി സിഡിആര്‍എഫില്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. അരി വാങ്ങിയിട്ടുള്ള റേഷന്‍കടയിലും സമീപ കടകളിലും പൊതുവിതരണ വകുപ്പ് സംഘം പരിശോധന നടത്തിയെങ്കിലും സ്പെഷ്യല്‍ വിതരണത്തിനായി നല്‍കിയിട്ടുണ്ടായിരുന്ന അരി കടകളില്‍ നീക്കിരിപ്പ് ഉണ്ടായിരുന്നില്ല.
ഓണക്കാലത്ത് സ്പെഷ്യല്‍ ആയി വിതരണം ചെയ്തിട്ടുള്ള അരിയിലും മറ്റ് സാധാരണയായി നല്‍കിവരുന്ന അരികളിലും ഇത്തരത്തിലുള്ള പരാതികള്‍ ഒന്നും റേഷന്‍ കടകളിലും സപ്ലൈ ഓഫീസുകളിലും ലഭിച്ചിട്ടില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍. മിനി അറിയിച്ചു. ഇതേ കടയില്‍ നിന്നും വിതരണം ചെയ്തിട്ടുള്ള മറ്റു കാര്‍ഡുമകളൊന്നും തന്നെ ഇത്തരത്തില്‍ അനുഭവപ്പെട്ടതായി അറിയിച്ചിട്ടില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് വീട്ടിലെത്തി സാമ്പിള്‍ ശേഖരിക്കുകയും അരിയുടെ സാമ്പിളും വീട്ടിലെ കിണര്‍ വെള്ളത്തിന്റെയും ടാങ്കിലെ വെള്ളത്തിന്റെയും സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസര്‍ എല്‍.മിനിയുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ മധു ഭാസ്‌കരന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ശ്രീജു തുടങ്ങിയവരാണ് പരിശോധനയില്‍ പങ്കെടുത്തത്.




