സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണ്‍(73) അന്തരിച്ചു. വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ ‘പിറവി’ യിലായിരുന്നു അന്ത്യം. ഏറെ നാളായി അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ കെ എസ് എഫ് ഡി സി ചെയര്‍മാനായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

ദേശീയ-അന്തര്‍ദ്ദേശീയ തലങ്ങളില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള അതുല്യ പ്രതിഭയായിരുന്നു.അദ്ദേഹത്തിന്റെ ആദ്യചിത്രമായ പിറവിക്ക് കാന്‍ ഫിലിം ഉത്സവത്തില്‍ ഗോള്‍ഡെന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ചു. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രമാണ്. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാര്‍ഡിനര്‍ഹനായി.

1971 ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി. സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി. അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. കൂടാതെ പ്രശസ്ത സംവിധായകരായ കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ കൂടെയും ഷാജി ജോലി ചെയ്യാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ക്യാമറ/ഛായാഗ്രഹണം മലയാള സിനിമക്ക് ഒരു പ്രത്യേക മാനം തന്നെ നല്‍കി.

പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങിയ കലാമൂല്യമുള്ള സിനിമകള്‍ ഒരുക്കിയ ഷാജി എന്‍ കരുണ്‍ 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍കണ്ടചിറയില്‍ എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തപുത്രനായിട്ടാണ് ഷാജി ജനിച്ചത്.

ഭാര്യ: അനസൂയ വാര്യര്‍. മക്കള്‍: അപ്പു കരുണ്‍, കരുണ്‍ അനില്‍.

 

Share news
error: Content is protected !!
Scroll to Top