
കര്‍ണാടക ധര്‍മസ്ഥലയില്‍ മൃതദേഹം കൂട്ടത്തോടെ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിച്ച് ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍. ഉഡുപ്പി, ഉത്തര കന്നഡ, ചിക്കമഗളൂരു എന്നീ ജില്ലകളില്‍ നിന്ന് 20 പൊലീസുദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്റെ ഭാഗമാകും. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ നാലംഗ ഐപിഎസ് സംഘത്തെ നേരത്തെ നിയമിച്ചിരുന്നു. ഇതില്‍ രണ്ട് പേര്‍ പിന്‍മാറുകയാണെന്ന് സര്‍ക്കാരിനെ അറിയിച്ചെന്നാണ് സൂചന. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നിരിക്കേയാണ് 20 പൊലീസുദ്യോഗസ്ഥരെക്കൂടി അന്വേഷണസംഘത്തിന്റെ ഭാഗമാക്കുന്നത്.
ധര്‍മ്മസ്ഥലയില്‍ കൂട്ടത്തോടെ മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമവിലക്കിനെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. കര്‍ണാടക സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിന്റെ ബെഞ്ച് ആണ് പരിഗണിക്കാതെ ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. തേഡ് ഐ എന്ന യൂട്യൂബ് ചാനലാണ് ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥസ്വാമി ക്ഷേത്രത്തിലെ നടത്തിപ്പുകാരായ കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസുമായി ബന്ധപ്പെട്ടും മാധ്യമങ്ങളെ വിലക്കികൊണ്ടുള്ള സിവില്‍ കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്. നിരവധി സ്ത്രീകളെ മറവുചെയ്‌തെന്ന് ശുചീകരണ തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ ധര്‍മസ്ഥല ക്ഷേത്ര ട്രസ്റ്റാണ് കോടതിയെ സമീപിച്ച് മാധ്യമവിലക്ക് ഉത്തരവ് നേടിയത്. ഇനിയൊരു ഉത്തരവ് വരുന്നത് വരെ ട്രസ്റ്റിനെതിരെ അപകീര്‍ത്തികര’മായ ഒരു വിവരവും പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്.
ബെംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതി ജഡ്ജി വിജയ് കുമാര്‍ റായിയുടേതാണ് ഉത്തരവ്. 8842 മാധ്യമ വാര്‍ത്തകളുടെ ലിങ്കുകള്‍ പിന്‍വലിക്കാനാണ് ഉത്തരവ് നേടിയിരിക്കുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ യൂട്യൂബര്‍മാര്‍ക്ക് വരെ എതിരെയാണ് ഉത്തരവ്. ഹര്‍ജിയില്‍ മുഖ്യധാരാ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ക്ക് മുതല്‍ റെഡ്ഡിറ്റ് പോസ്റ്റ് ലിങ്കുകള്‍ക്ക് വരെ ഉത്തരവ് ബാധകമാണ്. ഹര്‍ജിയില്‍ പേരുള്ളതും ഇല്ലാത്തതുമായ എല്ലാ മാധ്യമസ്ഥാപനങ്ങളും ഇനിയൊരുത്തരവ് വരുന്നത് വരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നു.
അതിനിടെ കടുത്ത മാധ്യമ നിയന്ത്രണത്തിനെതിരെ പ്രതിഷേധം ശക്തമായിയിരുന്നു.ഇതിനിടെയാണ് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കുന്ന ഉത്തരവുകളില്‍ ഇടപെടണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അപകീര്‍ത്തി കേസുകള്‍ നല്‍കുന്നതില്‍ നിന്ന് ധര്‍മശാല ട്രസ്റ്റിനെ വിലക്കണം, അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത് എന്ന് മാധ്യമങ്ങള്‍ക്ക് കോടതി ഉത്തരവ് നല്‍കുന്നത് വസ്തുത പരിശോധിച്ചാകണം, നിയമ നടപടികളുടെ വിവരങ്ങള്‍ നല്‍കുന്നത് അപകീര്‍ത്തിയുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കണം എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലെ ആവശ്യങ്ങള്‍.
ധര്‍മസ്ഥലയില്‍ 1995 മുതല്‍ 2014 വരെ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്ത ആളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 10 വര്‍ഷത്തിനിടെ കുഴിച്ച് മൂടേണ്ടിവന്നത് നൂറ് കണക്കിന് മൃതദേഹങ്ങളാണെന്നും കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും ആകാത്ത സ്ഥിതിയിലായതിനാലാണ് എല്ലാം തുറന്നു പറയുന്നതെന്നും അഭിഭാഷകരുടെ സഹായത്തോടെ ശുചീകരണ തൊഴിലാളി പുറത്തുവിട്ട കത്തില്‍ പറയുന്നു. ഓജസ്വി ഗൗഡ, സച്ചിന്‍ ദേശ്പാണ്ഡെ എന്നീ അഭിഭാഷകരുടെ സഹായത്തോടെയാണ് കത്ത് പുറത്ത് വിട്ടത്. മറവ് ചെയ്ത മൃതദേഹങ്ങളില്‍ ഏറിയ പങ്കും യുവതികളുടേതാണെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. അന്ത്യ കര്‍മ്മങ്ങള്‍ പോലും ചെയ്യാതെ മറവ് ചെയ്തതിനാല്‍ മരിച്ചവരുടെ ആത്മാക്കള്‍ തന്നെ വേട്ടയാടുന്നുവെന്നാണ് ഇയാള്‍ വിശദമാക്കിയത്. മരിച്ചവര്‍ക്ക് മാന്യമായ രീതിയിലുള്ള അന്തിമ സംസ്‌കാരത്തിനുള്ള അവസരം ഒരുക്കാനാണ് വെളിപ്പെടുത്തലെന്നും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




