ദേശീയ പാത വികസനം ;ഇടിമുഴിക്കല്‍ മുതല്‍ പുത്തനത്താണി വരെ പൊളി തുടങ്ങി

തിരൂരങ്ങാടി :ദേശീയ പാത 66 നാല്‍പ്പത്തി അഞ്ച് മീറ്ററായി വീതികൂട്ടി വികസിപ്പിക്കുന്നതിന്റെ ഭാഗമായി പാതയോരങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. ഭൂവടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ച മലപ്പുറം ജില്ലയിലെ ഇടിമുഴിക്കല്‍ മുതല്‍ പുത്തനത്താണി വരെയുള്ള ഭാഗത്താണ് മാര്‍ക്ക് ചെയ്ത സ്ഥലത്തുള്‍പ്പെടുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്.

ഭൂവുടമകള്‍ തന്നെയാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. നഷ്ടപരിഹാരം ലഭിച്ചവര്‍ക്ക് ഒരുമാസത്തിനകം വേണമെങ്കില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കെട്ടിടങ്ങളും വീടുകളും  പൊളിച്ചുമാറ്റുന്നത്. ഇവ പൊളിച്ചുമാറ്റുമ്പോള്‍ ലഭിക്കുന്ന കല്ല്, ഓട്, ജനല്‍, വാതില്‍, കമ്പി മുതലായവ വില്‍പ്പന നടത്തുകയോ, വീണ്ടും ഉപയോഗിക്കുകയോ ചെയ്യാം എന്നതുകൊണ്ടാണ് കെട്ടിടമുടമകള്‍ ഇതിന് താത്പര്യം കാണിക്കുന്നത്. പൊളിച്ചമാറ്റുന്ന പുതിയ വീടുകളിലെ ഇത്തരത്തിലുള്ള നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് ഇവര്‍ തന്നെ പുതുതായി  വീട് നിര്‍മ്മിക്കാനും തുടങ്ങിയിട്ടുണ്ട്.

ദേശീയ പാത ആറുവരിയാക്കുമ്പോള്‍ ജില്ലയില്‍ നഷ്ടപരിഹാരത്തുകയായി നല്‍കേണ്ടി വരിക 3496 കോടി രൂപയാണ് ഇതില്‍ 1931 കോടി രൂപ നല്‍കിക്കഴിഞ്ഞു. 203 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

ദീര്‍ഘകാലമായി ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സം കാരണം മുടങ്ങിക്കിടന്ന ഈ പദ്ധതി ഒരു ഘട്ടത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതോടയാണ് പദ്ധതി മുന്നോട്ട് നീങ്ങിയത്.

പരമാവധി നഷ്ടപരിഹാര തുക ലഭിച്ചതും, ഇത്തരത്തില്‍ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ പാതവികസനത്തിന് നേരെ നേരത്തെ ഉയര്‍ന്നിരുന്ന എതിര്‍പ്പ് കെട്ടടങ്ങിയിരിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top