Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി; ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ല; മന്ത്രി വി. അബ്ദുറഹിമാന്‍

HIGHLIGHTS : Development of Karipur Airport; The land acquisition process has started

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തുടക്കമായി. റണ്‍വേ വികസനത്തിനും റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വര്‍ധിപ്പിക്കാനുമായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തി മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തികള്‍ക്കാണ് ഇന്ന തുടക്കമായത്. അതിര്‍ത്തി നിര്‍ണയത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കും. നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമടക്കം ആകെ 14.5 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ആര്‍. എഫ്. സി. ടി. എല്‍. എ. ആര്‍. ആര്‍ ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കല്‍ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസവും പുനസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണി വിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങള്‍ക്ക് കെട്ടിട വിലയുടെ ഇരട്ടി തുകയും നഷ്ടപരിഹാരമായി നല്‍കും. മരങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കും. ഇതിനുപുറമെ പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമായി താമസ വീട്ടില്‍ നിന്നും കുടിയിറക്കപ്പെടുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായമായി 3 ലക്ഷം രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഉപജീവന ഗ്രാന്റായി ഒരു വര്‍ഷത്തേക്ക് പ്രതിമാസം 5000 രൂപ, കുടിയിറക്കപ്പെടുന്ന കുടുംബത്തിന് ഗതാഗത ചെലവായി 50000 രൂപ, ഒറ്റത്തവണ അലവന്‍സായി 50,000 രൂപ എന്നിങ്ങനെ ആകെ 4.60 ലക്ഷം രൂപ ലഭിക്കും. ഇതിന് പുറമെ കന്നുകാലിത്തൊഴുത്ത് പോലുള്ളവയ്ക്ക് 50,000 രൂപ, ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പൊളിച്ചുനീക്കുന്ന വ്യാപാരസ്ഥാപനങ്ങളില്‍ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നിരക്കില്‍ ആറുമാസത്തേക്ക് നല്‍കും.

സംസ്ഥാന സര്‍ക്കാര്‍ ആറു മാസത്തിനകം ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കൈമാറും. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്നവരെ പെരുവഴിയിലാക്കില്ലെന്നും കൃത്യമായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. വിമാനത്താവളം റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍.ഇ.എസ്.എ) വികസനവും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വിമാനത്താവള കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കു കയായിരുന്നു മന്ത്രി. ഏറ്റവും നല്ല രീതിയില്‍ വിമാനത്താവളത്തെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ആറു മാസത്തിനകം ഭൂമി ഏറ്റെടുത്ത് റണ്‍വേ വികസനം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. വിമാനത്താവളം ഇല്ലാതാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്ന പ്രവണത ഒരു ഭാഗത്തു നിന്നും ഉണ്ടാവരുത്. വിമാനത്താവള വികസനത്തിനായി എല്ലാവരുടേയും സഹകരണവും മന്ത്രി അഭ്യര്‍ഥിച്ചു.
ഭൂവുടമകള്‍ക്ക് നഷ്ടം വരാത്ത രീതിയില്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂ. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം യോഗങ്ങള്‍ വിളിച്ച് ഭൂവുടമകളെ ബോധ്യപ്പെടുത്തും. ജനങ്ങള്‍ സഹായിച്ചാല്‍ മാത്രമേ ഈ പദ്ധതി മുന്നോട്ട് കൊണ്ടു പോകാനാകൂ. കൃത്യമായ പാരിസ്ഥിതിക ആഘാത പഠനം ഉള്‍പ്പെടെ നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ച്ചയും നടത്തില്ലെന്നും നടപടിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ വിശദീകരിച്ചു.

യോഗത്തില്‍ ഡോ. എം.പി അബ്ദുസ്സമദ് സമാദാനി എം.പി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.ടി ഫാത്തിമത്ത് സുഹറ, വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, കൊണ്ടോട്ടി എ.എസ്.പി വിജയ് ഭാരത് റെഡ്ഢി, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെജിനി ഉണ്ണി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദാലി, ഡെപ്യൂട്ടി കളക്ടര്‍ കെ. ലത, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ബിന്ദു, നഗരസഭാ കൗണ്‍സിലര്‍ കെ.പി സല്‍മാന്‍, ഭൂമി ഏറ്റെടുക്കല്‍ (എയര്‍പോര്‍ട്ട്) വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!