
പരപ്പനങ്ങാടി; സ്‌നേഹാരാമം പദ്ധതിയുടെ ഭാഗമായി മാലിന്യങ്ങള്‍ മൂടിക്കിടന്ന സ്ഥലം വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍ സ്ഥാപിച്ച ശില്‍പ്പങ്ങള്‍ പൊളിച്ചുനീക്കിയ സംഭവത്തില്‍ പ്രതിഷേധം സാമൂഹ്യമാധ്യമങ്ങിലേക്കും. ഇന്ന് പരപ്പനങ്ങാടിയിലെ വിവിധ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് ശില്പങ്ങള്‍ പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം വ്യാപകമായത്.
പരപ്പനങ്ങാടി ബീച്ച് റോഡിലാണ് എസ്എന്‍എം എച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളുടെ നേതത്വത്തില്‍ ശില്പി ബിജു ഈ ശില്പവും മണ്ഡപവും നിര്‍മ്മിച്ചത്. malaarinews.com മത്സ്യബന്ധന ജീവിതവും കലപ്പയും, പൊയ്ക്കുതിരയുമടങ്ങിയ പരപ്പനങ്ങാടിയിലെ അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ജീവചരിത്രം ആലേഖനം ചെയ്യുന്ന ശില്പമാണിത്.
ഇതാണ് ഉദ്ഘാടനം നടന്ന് ഒരാഴ്ചക്കകം കയ്യേറ്റം എന്ന പേരില്‍ ജെസിബി ഉപയോഗിച്ച് ഉദ്യാഗസ്ഥര്‍ തകര്‍ത്തത്. ഇതിന് പിറകില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെയും, പൊതുമാരമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും രൂക്ഷമായ പ്രതികരണമാണ് പുറത്തുവരുന്നത്. നിരവധി പേര്‍ ഇതിനെതിരെ പോസ്റ്റുകളുമായി രംഗത്തെത്തി. പരപ്പനങ്ങാടിയിലെ കയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ചുകഴിഞ്ഞോ എന്ന ചോദ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇതില്‍ ശ്രദ്ധേമായ പോസ്റ്റാണ് എസ്എന്‍എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിനയന്‍ പാറോലിന്റേത്. ” കല്ലുകള്‍ പൊളിക്കട്ടെ, ശില്പവും പൊളിക്കട്ടെ,
പക്ഷെ കുട്ടികളുടെ മനസ്സില്‍ വിടര്‍ന്നു നില്‍ക്കുന്ന ശില്പത്തെ ആര്‍ക്ക് പൊളിക്കാനാവും” എന്ന ചോദ്യമാണ് ഈ പോസ്റ്റിലൂടെ അദ്ദേഹം ചോദിക്കുന്നു.
ഈ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ·
സാങ്കേതികതയുടെ
തേരുകൾ കുട്ടികളുടെ ഹൃദയത്തിലൂടെ ഉരുളുമ്പോൾ .
………………………………
ഇത് ഞങ്ങളുടെ സ്നേഹാരാമമായിരുന്നു
SNMHSS ലെ NSS യൂനിറ്റ് ചെറു തുകകൾ സമാഹരിച്ച് നിർമ്മിച്ചത്. മാലിന്യ കൂമ്പാരമായ പൊതുസ്ഥലങ്ങൾ വൃത്തിയാക്കി അവിടെ സൗന്ദര്യവൽക്കരിക്കാൻ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. ( Dirty place to beauty place )
തദ്ദേശ സ്വയം ഭരണ വകുപ്പ് നിരവധി ഉത്തരവുകൾ ഇതിനു വേണ്ടി ഇറക്കിയിരുന്നു. മുനിസിപ്പാലിറ്റി 5000 രൂപ ഫണ്ട് അനുവദിച്ചിരുന്നു.
എല്ലാ സൗകര്യങ്ങളും ചെയ്തു തന്നിരുന്നു.
നാഷണൽ സർവ്വീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ പ്രധാന പ്രവർത്തനമായി സംസ്ഥാന NSS സെൽ നിർദ്ദേശിച്ചത്
സ്റ്റേഹാരാമ നിർമ്മാണമായിരുന്നു. 2024ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യണമെന്ന്
നിർദ്ദേശിച്ചിരുന്നു.
കേരളമൊട്ടാകെ 2000 ൽ അധികം
സ്നേഹാരാമങ്ങൾ നിർമ്മിച്ച് ഉദ്ഘാടനം ചെയ്തു കഴിഞ്ഞു.
അതുപ്രകാരമായിരുന്നു ഞങ്ങളും ഈ സ്റ്റേഹാരാമം നിർമ്മിച്ചത്.
പരപ്പനങ്ങാടി അഞ്ചപ്പുര ബീച്ച് റോഡിൽ മാലിന്യ കൂമ്പാരമായിരുന്ന സ്ഥലമായിരുന്നു കണ്ടെത്തിയത്.
ഗതാഗതത്തിന് ഒരു തടസ്സവും ഇതുകൊണ്ടുണ്ടായിരുന്നില്ല.
പരപ്പനങ്ങാടിയുടെ ആത്മാവായിരുന്നു
ശില്പത്തിൽ .
മത്സ്യബന്ധന ജീവിതവും കലപ്പയും പറയും പത്തായവും
കുതിരകെട്ടും അങ്ങനെ അങ്ങനെ …
ശില്പി ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ ബിജു.
സഹായികളായി ശില്പിക്കൊപ്പം വിടർന്ന കൗതകക്കണ്ണോടെ
NSS വണ്ടിയർമാർ .
പണി നടന്നുകൊണ്ടിരിക്കെ നനയ്ക്കാനും സഹായിക്കാനുമൊക്കെ ചുറ്റുമുള്ള കച്ച വടക്കാരും വീട്ടുകാരും.
പണി പൂർത്തീകരിക്കുന്നതിന് ദിവസങ്ങൾ മുമ്പ് അടുത്ത വീട്ടുകാർക്ക് പരാതി. അവർ നിലവിലെ മതിൽ പൊളിക്കുന്നു.
പുതിയ മതിൽ പണിത് സ്നേഹാരമ
ത്തിനോട് ചേർന്ന് വഴിയിടുന്നു.
PWD യ്ക്ക് പരാതി …..
അങ്ങനെ എന്തൊക്കെയോ …
ഒടുവിൽ അന്ത്യം ഇങ്ങനെ .
ഇത് ഒരു സുപ്രഭാതത്തിൽ ഞങ്ങൾക്കു തോന്നിയ ഭ്രാന്തൻ ആശയമായിരുന്നില്ല.
തെരുവിൽ നിർമ്മിക്കാനാണ് ആവശ്യപ്പെട്ടത്.
നാട് സുന്ദരമാക്കുകയായിരുന്നു ലക്ഷ്യം.
NSS ലക്ഷ്യം വെക്കുന്നതും
അങ്ങനെയൊക്കെയാണ്.
കല്ലുകൾ പൊളിക്കട്ടെ, ശില്പവും പൊളിക്കട്ടെ,
പക്ഷെ കുട്ടികളുടെ
മനസ്സിൽ വിടർന്നു നിൽക്കുന്ന ശില്പത്തെ ആർക്ക് പൊളിക്കാനാവും !
അവർ ഓരോ ദിനവും നൂറു നൂറു ശില്പങ്ങൾ നിർമ്മിച്ചു കൊണ്ടേയിരിക്കും.
ആർക്ക് തകർക്കാ
നാകുമത് ?
ഉദ്യോഗസ്ഥരുടെ തേരുകൾകൾക്ക്
സാങ്കേതികത കൂട്ടു പോകട്ടെ …
നിയമത്തിന്റെ നൂറു നൂറു വശങ്ങൾ അവർ ഇഴകീറി പരിശോധിക്കട്ടെ ….
അപ്പോഴും കുട്ടികൾ
പുതിയ ലോകങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കും. ഈ മണ്ണിലിരുന്ന് അവർ
സൂര്യനെ വിരുന്നു വിളിക്കും. അമ്പിളി മാമനൊപ്പം സഞ്ചരിക്കും. ആർക്ക് തടുക്കാനാവുമത്.
ആർക്ക് തകർക്കാനാവുമത്.
ആശയങ്ങൾക്ക്
മരണമില്ല. കല്ലുകൾ തകർക്കട്ടെ ……
കല്ലുകളല്ലേ തകർക്കാനാവൂ ….




