HIGHLIGHTS : Design of Pink Line Metro Stations; Five lakh rupees prize for the selected design
കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചതോടെ പിങ്ക് പാതയിലെ 10 മെട്രോ സ്‌റ്റേഷനുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ കെഎംആര്‍എല്‍ പ്രഖ്യാപിച്ച മത്സരത്തിന്
പങ്കെടുക്കാനൊരുങ്ങുന്നത് പ്രമുഖ ഡിസൈന്‍ സ്ഥാപനങ്ങളും കലാകാരന്മാരും. തെരഞ്ഞെടുക്കുന്ന രൂപകല്‍പ്പനയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സമ്മാനം. ഒന്നാംഘട്ടപാതയിലെ അവസാന സ്റ്റേഷനായി തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുസമീപം പൂര്‍ത്തിയാകുന്ന ടെര്‍മിനലിന്റെ രൂപകല്‍പ്പനയ്ക്കും മത്സരമുണ്ട്. ഒരുലക്ഷം രൂപയാണ് സമ്മാനം.
കാക്കനാട് ഇന്‍ഫോപാര്‍ക്ക് പാതയിലെ സ്റ്റേഷനുകളുടെ കോണ്‍സപ്റ്റ് നേരത്തേ തീരുമാനമായിരുന്നു. ഡിസൈന്‍ കണ്‍സള്‍ട്ടന്റിനെ നിയോഗിച്ചശേഷമാണ് ആകെയുള്ള 11 സ്റ്റേഷനുകളില്‍ പത്തെണ്ണത്തിന്റെ രൂപകല്‍പ്പനയ്ക്ക് മത്സരം സംഘടിപ്പിച്ചത്. പാലാരിവട്ടംമുതല്‍ ഇന്‍ഫോപര്‍ക്കുവരെയുള്ള സ്റ്റേഷനുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഏജന്‍സികള്‍ക്കും പങ്കെടുക്കാവുന്ന മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. വ്യക്തികളും സ്ഥാപനങ്ങളും ഉള്‍പ്പെടെ ഇരുപതോളം മത്സരാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 10 ആണ് ഡിസൈനുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി.


പത്തു സ്റ്റേഷനുകളുടെ വ്യത്യസ്ത ഡിസൈന്‍ ആണ് സമര്‍പ്പിക്കേണ്ടത്. സ്‌റ്റേഷനുകളുടെ ഡിസൈന്‍, എലിവേഷന്‍, കളര്‍ സ്‌കീം, ഇന്റീരിയര്‍, സൈനേജ് എന്നിവ ഉള്‍പ്പെടെയാണ് സമര്‍പ്പിക്കേണ്ടത്. പരിസ്ഥിതിക്കിണങ്ങുന്നതും അതതു പ്രദേശത്തിന്റെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്നതുമായ ഡിസൈനാണ് പരിഗണിക്കുക.
തെരഞ്ഞെടുക്കുന്ന ഡിസൈനിന്റെ പൂര്‍ണ അവകാശം കെഎംആര്‍എല്ലിനാണ്. ഈ രംഗത്തെ വിദഗ്ധരും കെഎംആര്‍എല്‍ ഉദ്യോഗസ്ഥരുമുള്‍പ്പെടുന്ന ജൂറിയാണ് ഡിസൈന്‍ തെരഞ്ഞെടുക്കുക. പിന്നീട് സ്റ്റേഷനുകള്‍ നിര്‍മിക്കുമ്പോള്‍ ഡിസൈന്‍ ചെയ്തവരുടെ പേര് അതതു സ്റ്റേഷനുകളില്‍ രേഖപ്പെടുത്തും. 10 സ്റ്റേഷനുകളുടെയും തെരഞ്ഞെടുക്കുന്ന ഡിസൈനുകള്‍ക്കായി സമ്മാനത്തുകയായ അഞ്ചു ലക്ഷം രൂപ വീതിക്കും. ഒരു ഡിസൈന് 50,000 രൂപ ലഭിക്കും. ഒന്നാംഘട്ടത്തിലെ അവസാന ടെര്‍മിനല്‍ എന്ന നിലയിലാണ് തൃപ്പൂണിത്തുറയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന വാസ്തുരൂപകല്‍പ്പനയും ഡിസൈനും ക്ഷണിച്ചിട്ടുള്ളത്. ലക്ഷം രൂപയാണ് തെരഞ്ഞെടുക്കുന്ന ഡിസൈന് സമ്മാനം.
പിങ്ക് പാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചശേഷം അതിവേഗത്തിലാണ് പദ്ധതി പുരോഗമിക്കുന്നത്. 20 മാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ടത്തിന് ടെന്‍ഡര്‍ ക്ഷണിച്ചുകഴിഞ്ഞു. സ്ഥലമേറ്റെടുക്കലും പൂര്‍ത്തിയാകുന്നു. മെട്രോ സ്റ്റേഷന്റെ പൈലിങ് ജോലികള്‍ ആരംഭിച്ചിരുന്നു. തൃപ്പൂണിത്തുറ ടെര്‍മിനല്‍ ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു