Section

malabari-logo-mobile

നിലവിലെ ലോക ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടറില്‍

HIGHLIGHTS : Defending world champions in prequarters

ദോഹ: ഗ്രൂപ്പ് ഡിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ ഡെന്‍മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് വിജയിച്ചു. രണ്ട് വിജയങ്ങളോടെ നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടര്‍ നില ഉറപ്പിച്ചു. ഫ്രാന്‍സിന് വേണ്ടി എംബാപെ തന്നെയാണ് രണ്ട് ഗോളുകളും നേടിയത്. ഡെന്‍മാര്‍ക്കിന്റെ ആശ്വാസ ഗോള്‍ ക്രിസ്റ്റ്യന്‍സന്റെ വകയായിരുന്നു.

ഡെന്‍മാര്‍ക്കിന്റെ അതിവേഗ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്. ഇതോടെ കളിയുടെ വേഗം കുറച്ച് പാസിംഗിലൂടെ പന്ത് കൂടുതല്‍ സമയം കൈവശം വയ്ക്കാന്‍ ഫ്രാന്‍സ് ആരംഭിച്ചു. എംബാപ്പെയിലൂടെയും ഡെംബെലയിലൂടെയും ഇരു വിംഗിലൂടെയും ആക്രമണങ്ങളും നടത്തി. കൃത്യമായ പൊസിഷന്‍ ഉറപ്പാക്കി ഫ്രാന്‍സിന്റെ പിഴവുകള്‍ മുതലാക്കി കൗണ്ടര്‍ അറ്റാക്ക് നടത്തുക എന്ന തന്ത്രമായിരുന്നു ഡെന്‍മാര്‍ക്കിന്റേത്.

sameeksha-malabarinews

20-ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ത്രൂ ബോളിലേക്ക് എംബാപ്പെ കുതിച്ചെത്തിയപ്പോള്‍ ക്രിസ്റ്റ്യന്‍സന് ഫൗള്‍ ചെയ്യുകയല്ലാതെ മറ്റ് നിവൃത്തിയില്ലായിരുന്നു. റഫറി ഡാനിഷ് ഡിഫന്‍ഡര്‍ക്ക് മഞ്ഞക്കാര്‍ഡ് നല്‍കി. ഫ്രഞ്ച് പട താളം കണ്ടെത്തിയതോടെ ഡെന്‍മാന്‍ക്ക് പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു.

ലോക ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പ്രകടനം തന്നെയാണ് ഫ്രഞ്ച് നിര പുറത്തെടുത്തത്. ഡാനിഷ് ഗോള്‍മുഖം പല ഘട്ടത്തിലും വിറകൊണ്ടെങ്കിലും ഷ്‌മൈക്കലിന്റെ അനുഭവസമ്പത്ത് രക്ഷയാവുകയായിരുന്നു. 33-ാം മിനിറ്റില്‍ വിഷമകരമായ ആംഗിളില്‍ നിന്നുള്ള ഗ്രീസ്മാന്റെ ഷോട്ട് ഫ്രഞ്ച് ക്ലബ്ബ് നൈസിന്റെ താരമായ ഷ്‌മൈക്കല്‍ കാല് കൊണ്ട് രക്ഷിച്ചു. തൊട്ട് പിന്നാലെ ഡെന്‍മാന്‍ക്കിന്റെ ഒരു കൗണ്ടര്‍ ഫ്രാന്‍സ് പ്രതിരോധത്തെ ഒന്ന് ആടിയുലച്ചു.

എന്നാല്‍, കോര്‍ണേലിയസിന്റെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആദ്യ പകുതിയില്‍ ഫ്രാന്‍സ് തന്നെയായിരുന്നു കളത്തില്‍ നിറഞ്ഞുനിന്നത്.

ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങള്‍ വരുത്തിയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. പരിക്ക് മാറി വരാനെ വന്നതോടെ സ്ഥാനം നഷ്ടമായത് കൊനാറ്റെയ്ക്കാണ്. പവാര്‍ഡിന് പകരം ജൂലിയസ് കൂണ്ടെ എന്നിയപ്പോള്‍ ലൂക്കാസ് ഹെര്‍ണാണ്ടസിന് പകിരം തിയോ ഹെര്‍ണാണ്ടസും എത്തി. ടുണീഷ്യക്കെതിരെ സമനില വഴങ്ങിയ മത്സരത്തില്‍ നിന്ന് നാല് മാറ്റങ്ങള്‍ ഡെന്‍മാര്‍ക്കും വരുത്തി.

ബോള്‍ പൊസിഷനില്‍ ഫ്രാന്‍സിനൊപ്പം പിടിച്ച് നിന്ന് കൊണ്ടാണ് രണ്ടാം പകുതി ഡെന്‍മാര്‍ക്ക് ആരംഭിച്ചത്. ഫസ്റ്റ് ടൈം ഷോട്ടെടുത്ത എംബാപെയെ തടുക്കാന്‍ ഡാനിഷ് പ്രതിരോധ നിരയ്‌ക്കോ ഷ്‌മൈക്കലിനോ കഴിഞ്ഞില്ല.

ഇതിന് മറുപടി നല്‍കാന്‍ ഡെന്‍മാര്‍ക്കിന് അധികം സമയം വേണ്ടി വന്നില്ല. എറിക്‌സന്റെ മനോഹരമായ കോര്‍ണറാണ് ഗോളില്‍ കലാശിച്ചത്. ആന്‍ഡേഴ്‌സണിന്റെ സഹായം കൂടി ലഭിച്ചപ്പോള്‍ പന്ത് എത്തിയത് ക്രിസ്റ്റ്യന്‍സന്റെ തലപ്പാകത്തിനാണ്. ബാര്‍സ താരത്തിന് പിഴയ്ക്കാതിരുന്നപ്പോള്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിന് കൂടുതല്‍ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. ഗോള്‍ വന്നതോടെ ഡാനിഷ് നിരയും ഉഷാറായി. 73-ാം മിനിറ്റില്‍ ഡാംസ്ഗാര്‍ഡിന്റെ ലോ ക്രോസില്‍ ലിന്‍ഡ്‌സ്‌ട്രോം ഒരു പവര്‍ ഷോട്ട് ഉതിര്‍ത്തെങ്കിസും ലോറിസ് തടുത്തു. പക്ഷേ, എംബാപെയെന്ന ഗോള്‍ ദാഹി വീണ്ടും ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. 86-ാം മിനിറ്റില്‍ വലതു വിംഗില്‍ നിന്നുള്ള ഗ്രീസ്മാന്റെ ക്രോസ് വിദഗ്ധമായി പിഎസ്ജി താരം വലയിലാക്കി. ഇതിന് മറുപടി നല്‍കാന്‍ ഡാനിഷ് നിരയ്ക്ക് പിന്നീട് കഴിഞ്ഞില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!