ദില്ലി: പ്രതിരോധമേഖലയില്‍ നൂറുശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഔദ്യോഗികമായി നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച് വാണിജ്യ-വ്യവസായമന്ത്രാലയം മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കി. ഇത് അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചേക്കും.
എല്ലാമേഖലകളിലും 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം(എഫ്ഡിഐ) അനുവദിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് പ്രതിരോധ രംഗത്തെ നൂറ് ശതമാനം നിക്ഷേപ നീക്കം. ആര്‍എസ്എസ് പിന്തുണയോടെയാണ് മോഡി സര്‍ക്കാര്‍ നവസാമ്പത്തിക നയങ്ങള്‍ കൂടുതല്‍ ശക്തമാക്കാനൊരുങ്ങുന്നത്.
രാജ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പ്രതിരോധ മേഖലയില്‍ എഫ്ഡിഐ അനുവദിച്ചിരുന്നില്ല. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഇത് 26 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതാണ് നൂറുശതമാനമാക്കുന്നത്. ഇക്കാര്യം അധികാരമേറ്റെടുത്ത ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും വ്യക്തമാക്കിയിരുന്നു.
അതെസമയം പ്രതിരോധ മേഖലയുടെ മരവിപ്പ് മറികടക്കാന്‍ വിദേശനിക്ഷേപമല്ലാതെ മറ്റുമാര്‍ഗമൊന്നും തന്നെയില്ലെന്നാണ് ബിജെപിയുടെ നിലപാട്. തീരുമാനം എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തുക എന്ന തന്ത്രമാണ് ജെയ്റ്റ്‌ലിക്ക് ധനമന്ത്രാലയത്തിനൊപ്പം പ്രതിരോധ വകുപ്പിന്റെ ചുമതലകൂടി നല്‍കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. ഇരുമന്ത്രാലയങ്ങളും തന്റെ കീഴിലായതിനാല്‍ ജെയ്റ്റിലിക്ക് യാതെയാരു തടസവുമില്ലാതെ മുന്നോട്ട് പോകാം. എന്നാല്‍ പ്രതിരോധമേഖലയില്‍ ഉടന്‍തന്നെ ആവശ്യമായ തീരുമാനങ്ങള്‍ എടുത്തശേഷം അദേഹത്തെ മാറ്റാനാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആലോചിക്കുന്നത്.
എല്ലാമേഖലകളിലും 49 ശതമാനം എഫ്ഡിഐ അനുവദിക്കണമെന്ന് ധനമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബുള്ളറ്റ് ട്രെയിന്‍, സബര്‍ബന്‍ ഇടനാഴി, അതിവേഗപാത, തുറമുഖ,ഖനനം, കെട്ടിടനിര്‍മ്മാണം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാകും ഇത്. കൂടാതെ ഇന്‍ഷൂറന്‍സ്, പെന്‍ഷന്‍ മേഖലകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് നികുതി ഇളവുകള്‍ നല്‍കാനുളള നീക്കവുമുണ്ട്. റോഡ്, ഊര്‍ജ്ജം, തുറമുഖ പദ്ധതികളില്‍ നികുതി രഹിത ബോണ്ടുകളും ഇറക്കാനും മോഡി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് കൂടുതല്‍ മൂലധനം സംഘടിപ്പിക്കാന്‍ പ്രത്യേക കമ്പനി രൂപീകരിക്കണമെന്നും ധനവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.




