ഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരിയുടെ മരണം; മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവെച്ച് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി

പോര്‍ച്ചുഗലില്‍ പൂര്‍ണ്ണഗര്‍ഭിണിയായ ഇന്ത്യന്‍ വിനോദസഞ്ചാരി മരണപ്പെട്ട സംഭവത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോ രാജി വെച്ചു. 34 വയസ്സുള്ള യുവതിയെ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ലിസ്ബണിലെ ആശുപത്രിയില്‍ നിന്ന് സാന്താ മരിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ വെച്ചു തന്നെ യുവതിയുടെ അവസ്ഥ വഷളായി. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും യുവതിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ലിസ്ബണിലെ ആശുപത്രിയില്‍ നവജാത ശിശു പരിപാലന വിഭാഗത്തില്‍ സ്ഥലമില്ലാത്തതിനാലാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രി അന്റോണിയ കോസ്റ്റ ആരോഗ്യമന്ത്രി മാര്‍ത്ത ടെമിഡോയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു. രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചെപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ സമയത്ത് ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കൂടാതെ വിജയകരമായി വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. മാര്‍ത്തയുടെ രാജി സ്വീകരിച്ച പ്രധാനമന്ത്രി അവരുടെ സേവനങ്ങള്‍ക്ക് നന്ദി അറിയിച്ചു. യുവതിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

 

 

Share news
error: Content is protected !!
Scroll to Top