പാഠ്യപദ്ധതി പരിഷ്‌കരണം പൂര്‍ത്തിയായി: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:പതിനാറ് വര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കഴിഞ്ഞവര്‍ഷം പരിഷ്‌കരിച്ച ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ഈ വര്‍ഷം പരിഷ്‌കരിക്കുന്ന രണ്ട്, നാല്, ആറ്, എട്ട് ക്ലാസുകളിലെ പാഠപുസ്തകങ്ങളും ചടങ്ങില്‍ വിതരണം ചെയ്യും. പത്താം ക്ലാസിലെ പുതുക്കിയ പാഠപുസ്തകങ്ങള്‍ ഒമ്പതാം ക്ലാസ് പരീക്ഷ കഴിയുന്നതിനു മുമ്പ് തന്നെ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നു. പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമാണെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ ഇരുന്നൂറ്റി മുപ്പത്തിയെട്ട് ടൈറ്റില്‍ പാഠപുസ്തകങ്ങളും രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ ഇരുന്നൂറ്റിയഞ്ച് ടൈറ്റില്‍ പാഠപുസ്തകങ്ങളും ആണ് രണ്ടുവര്‍ഷംകൊണ്ട് പരിഷ്‌കരിച്ചത്. സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍ നടക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

 

കായികവിദ്യാഭ്യാസത്തിന് ഊന്നല്‍

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി പ്രൈമറി തലങ്ങളില്‍ കായിക വിദ്യാഭ്യാസത്തിനു വേണ്ടി ഹെല്‍ത്തി കിഡ്‌സ് എന്നുള്ള പ്രത്യേക പുസ്തകവും ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി യോഗ പരിശീലനത്തിനായി പ്രത്യേക പാഠപുസ്തകവും കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രത്യേക പാഠപുസ്തകങ്ങളും തയ്യാറാക്കി സ്‌കൂളുകളില്‍ എത്തിച്ചിട്ടുണ്ട്.

തൊഴില്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷി, പാര്‍പ്പിടം വസ്ത്രം, സാമ്പത്തിക സാക്ഷരത, പാഴ്വസ്തു പരിപാലനം, പ്രിന്റിങ് ആന്‍ഡ് സ്റ്റേഷനറി, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, ഭക്ഷ്യ വ്യവസായം, ടൂറിസം, മാധ്യമങ്ങളും വിനോദങ്ങളും, കരകൗശലം എന്നീ മേഖലകളില്‍ അഞ്ചു മുതല്‍ പത്താം ക്ലാസ് വരെ പ്രത്യേകം പാഠപുസ്തകങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്. മെയ് മാസം പത്താം തീയതിയോടു കൂടി മൂന്ന് കോടി എണ്‍പത് ലക്ഷം പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും.

സംസ്ഥാനത്തെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിക്കുവാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മെയ് 13 മുതല്‍ പരിശീലന പരിപാടികള്‍ ആരംഭിക്കും. പരിശീലനത്തില്‍ ലഹരി വിരുദ്ധ പാഠങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

മെഗാ സൂംബാ ഡിസ്പ്ലെ

തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമവാസനയും തടയുന്നതിനായി സമഗ്രമായ ആരോഗ്യ, കായിക വിദ്യാഭ്യാസ പരിപാടി സ്‌കൂളുകളില്‍ നടപ്പാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. വരുന്ന അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികള്‍ക്കായി വിപുലമായ രീതിയില്‍ കായിക പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഫുട്ബോള്‍ ക്യാമ്പ്

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ പരിശീലന ക്യാമ്പുകളുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 21 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയിലെ 10 വിദ്യാലയങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്. ല്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ. ആന്റണി രാജു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കൊമ്പന്‍സ് സ്‌പോര്‍ട്സ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിപാടി സംഘടിപ്പിക്കുന്നത്.

 

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഈ വര്‍ഷം മുതല്‍ ആരംഭിച്ച മിനിമം മാര്‍ക്ക് സമ്പ്രദായത്തെ തുടര്‍ന്ന് എല്ലാ വിദ്യാലയങ്ങളിലും പഠന പിന്തുണ പരിപാടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. പഠന പിന്തുണയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള പുന:പരീക്ഷകള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 

കുരുന്നെഴുത്തുകള്‍’ പ്രസിദ്ധീകരിക്കുന്നു

ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങളുടെ തെരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ ആക്കിയതിന്റെ പ്രകാശനം ഏപ്രില്‍ 23 ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കുഞ്ഞുങ്ങളുടെ ഡയറിക്കുറിപ്പുകള്‍ക്കൊപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രതികരണങ്ങളും പുസ്തകത്തില്‍ ഉണ്ട്. മുന്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് പുസ്തകം പരിചയപ്പെടുത്തുന്നത്. വിദ്യാകിരണം മിഷനാണ് പുസ്തകം പുറത്തിറക്കുന്നത്. കുട്ടികളുടെ സൃഷ്ടികള്‍ ശേഖരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി തന്നെ എഡിറ്ററായി പുസ്തകം പുറത്തിറക്കുന്നത് രാജ്യത്ത് തന്നെ ആദ്യമായാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

ഖാദര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ച പരിഷ്‌കരണനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി അറിയിച്ചു. ഇതനുസരിച്ച് സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കി. സ്പെഷ്യല്‍ റൂള്‍സ് പ്രകാരം ഒരു തസ്തിക പോലും നഷ്ടപ്പെടില്ല, മറിച്ച് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെടുകയും സ്ഥാനക്കയറ്റ സാധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top