കണ്ണൂര്‍: ഐതിഹാസികമായ പോരാട്ടങ്ങളാല്‍ ചുവന്നുതുടുത്ത കണ്ണൂരിന്റെ മണ്ണില്‍ ഇന്ന് സിപിഐഎമ്മിന്റെ 23ാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമാകും.
ഇന്നലെ വൈകിട്ട് ഏഴിന് ജവഹര്‍ സ്‌റ്റേഡിയത്തിലെ എ കെ ജി നഗറില്‍ സംഘാടകസമിതി ചെയര്‍മാനും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. സംഘാടകസമിതി ജനറല്‍ കണ്‍വീനറായ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പിബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളടക്കം പതിനായിരങ്ങളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
പാര്‍ട്ടികോണ്‍ഗ്രസ് സിപിഎം ജനറല്‍ സക്രട്ടറി സീതാറാം യെച്ചൂരി രാവിലെ 9മണിക്ക് ഉദ്ഘാടനം ചെയ്യും. ഇകെ നായനാര്‍ അക്കാദമിയാണ് പ്രതിനിധി സമ്മേളന വേദി. മുതിര്‍ന്ന പിബിഅംഗമായ എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തില്‍ പതാക ഉയര്‍ത്തും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്യും. വൈകിട്ട് നാലിന് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കും. വ്യാഴാഴ്ച രാവിലെ ഒമ്പതു മണി മുതല്‍ പൊതുചര്‍ച്ച തുടങ്ങും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളുമടക്കം 812 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഏപ്രില്‍ 10ാംതിയ്യതി വരെയാണ് പാര്‍ട്ടികോണ്‍ഗ്രസ് നടക്കുക. സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ നഗരമാക ചെമ്പട്ടണിഞ്ഞ് നില്‍ക്കുകയാണ്. വിവിധ സാംസ്‌കാരിക, കലാപരിപാടികള്‍ നടന്നുവരികയാണ്. കലക്ട്രേറ്റ് മൈതാനിയില്‍ ഒരുക്കി ചരിത്ര-ചിത്ര-ശില്പപ്രദര്‍ശനം ഏറെ ശ്രദ്ധേയമാണ്.




