
പരപ്പനങ്ങാടി:സിപിഐ മലപ്പുറം ജില്ലാ സമ്മേളനം ഓഗസ്റ്റ് 3, 4, 5 തീയതികളിൽ (ഞായർ, തിങ്കൾ , ചൊവ്വ) പരപ്പനങ്ങാടിയിൽ വച്ച് നടക്കും. കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിൻ്റെ നൂറാം വാർഷികത്തിൽ നടക്കുന്ന സമ്മേളനങ്ങൾ അതീവ പ്രാധാന്യത്തോടെയാണ് പൊതു സമൂഹം വീക്ഷിക്കുന്നതെന്നും രാജ്യം നേരിടുന്ന ഭീഷണികളെ അതിജീവിക്കാൻ കഴിയുന്ന തീരുമാനങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും രൂപം നൽകാൻ സമ്മേളനങ്ങൾക്ക് കഴിയുമെന്നുറപ്പാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായുള്ള റെഡ് വളണ്ടിയർ മാർച്ച് ഞായറാഴ്ച വൈകിട്ട് പുത്തിരിക്കൽ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കും. പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലം വഴി അഞ്ചപ്പുരയിൽ പ്രവേശിച്ച് പയനിങ്ങൽ ജംഗ്ഷനിൽ സജ്ജമാക്കിയ പൊതുസമ്മേളന വേദിയിൽ മാർച്ച് സമാപിക്കും. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന അന്തരിച്ച കെ. ബാബുരാജിന്റെ നാമധേയത്തിലാണ് പൊതുസമ്മേളന നഗർ ഒരുക്കിയിട്ടുള്ളത്. സംഘാടക സമിതി ചെയർമാൻ നിയാസ് പുളിക്കലകത്ത് പതാക ഉയർത്തും. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി.പി. സുനീർ എംപി മുഖ്യപ്രഭാഷണം നടത്തും. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ് മാസ്റ്റർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ പത്തിന് ജാസ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ സഖാവ് : കെ പ്രഭാകരൻ നഗറിൽ പതാക ഉയർത്തി, രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രതിനിധി സമ്മേളനം ആരംഭിക്കും.
ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നും തെരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും.
രണ്ടുദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻമന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, സത്യൻ മൊകേരി, മുല്ലക്കര രത്നാകരൻ, രാജാജി, മാത്യൂസ്, സി.കെ. ശശിധരൻ ഉൾപ്പെടെ, പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലാനേതാക്കളും സംബന്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ നിയാസ് പുളിക്കലകത്ത് (ചെയർമാൻ), കെ. മൊയ്‌ദീൻ കോയ (കൺവീനർ), ഗിരീഷ് തോട്ടത്തിൽ, ടി. അബ്ദുൽ റസാഖ്, ജി. സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




