മലപ്പുറം ജില്ലയില്‍ 1,451 പേര്‍ക്ക് കൂടി കോവിഡ്ബാധ : ആശ്വാസമായി 1,059 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഇന്ന് 1,451 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

ഇതില്‍ 1,332 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

രോഗബാധിതരാകുന്നവര്‍ വലിയ തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രതിരോധ നടപടികളാണ് നടത്തി വരുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പിന്തുണ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. രോഗവ്യാപനത്തിനുളഅള സാധ്യത തിരിച്ചറിഞ്ഞ് സ്വയം സംരക്ഷണം ഉറപ്പാക്കണം. പൊതുജീവിതത്തിന് പ്രയാസമില്ലാത്തവിധത്തിലുള്ള നിയന്ത്രണങ്ങളാണ് നിലവില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും ആരോഗ്യ ജാഗ്രതയും പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

അതിനിടെ ആശ്വാസമായി 1,059 പേര്‍ ഇന്ന് ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. 25,185 പേര്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. കൂട്ടായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നിരീക്ഷണത്തില്‍ 52,847 പേര്‍

52,847 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 8,870 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 507 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,418 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 144 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രയില്‍ അലംഭാവം പാടില്ല: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് ബാധിതരാകുന്നവരുടെഎണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന. പൊതുജന സഹകരണമില്ലാതെ കോവിഡ് വ്യാപനം തടയാനാകില്ല. ചെറിയ വീഴ്ചകള്‍ പോലും വലിയ വിപത്തിന് കാരണമാകുന്ന സ്ഥിതിയാണ് നിലവിലേത്. ഇത് ഉള്‍ക്കൊണ്ടുള്ള സമീപനമാണ് പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. അത്യാവശ്യങ്ങള്‍ക്ക് മാത്രമെ വീടുകളില്‍ നിന്ന് പുറത്തിറങ്ങാവൂ. നിലവിലെ നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
error: Content is protected !!
Scroll to Top