കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി മാര്‍ച്ച് 11 മുതല്‍ മാര്‍ച്ച് 19 വരെയുള്ള ദിവസങ്ങളില്‍ സഞ്ചരിച്ച റൂട്ട്മാപ്പാണ് പുറത്ത് വിട്ടിരിക്കുന്നത്. അതെസമയം ഇയാള്‍ ചില വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ഈ വിവരങ്ങള്‍ ചേര്‍ക്കാതെയാണ് റൂട്ട് മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. മുപ്പതിലേറെ സ്ഥലങ്ങളില്‍ രോഗി സന്ദര്‍ശനം നടത്തിയതായി റൂട്ട്മാപ്പില്‍ പറയുന്നു.
ഇയാള്‍ ഉച്ചയ്ക്ക് 2.45 ന് എയര്‍ ഇന്ത്യയുടെ ഐഎക്‌സ് 344 വിമാനത്തിലാണ് കരിപ്പൂരില്‍ ഇറങ്ങിയത്. ഇതിന് ശേഷം ഓട്ടോയില്‍ മലപ്പുറം എയര്‍പോര്‍ട്ട് ജംഗ്ഷനിലെ റൂം സാഹിര്‍ റസിഡന്‍സിയിലേക്ക് പോയി. ഇവിടെ 603 ാം നമ്പര്‍ മുറിയില്‍ താമസിച്ചു. സമീപത്തെ ചായക്കടയില്‍ നിന്ന് ചായകുടിച്ച് തിരിച്ച് ബാഗേജ് പ്രശ്‌നം പരിഹരിക്കാന്‍ വിമാനത്താവളത്തിലേക്ക് പോയി.
പിന്നീട് മൈത്രി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം സാഹിര്‍ റസിഡന്‍സിയില്‍ തിരിച്ചെത്തി പിന്നീട് വീണ്ടും എയര്‍പോര്‍ട്ടിലെത്തി. അടുത്ത ദിവസം ഓട്ടോയില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തി മാവേലി എക്‌സ്പ്രസില്‍ നാട്ടിലേക്ക് യാത്ര തിരിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലിറങ്ങി ഓട്ടോയില്‍ വീട്ടിലേക്ക് പോയി. അതിന് ശേഷം മൈപ്പാടിയിലെ സഹോദരന്റെ വീട്ടിലേക്ക് പോയി. വൈകീട്ട് ഗ്രീന്‍ സ്റ്റാര്‍ ക്ലബ്ബില്‍ പോയി.
13 ാം തിയ്യതി കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു. ബാര്‍ബര്‍ ഷോപ്പില്‍ പോയി മുടി വെട്ടി. ആസാദ് നഗറിലെ സുഹൃത്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ഉച്ചയ്ക്ക് ഏരിയാല്‍ ജുമാ മസ്ജിദില്‍ നിസ്‌കാരം നടത്തി. ശേഷം സിപിസിആര്‍ഐക്ക് എതിര്‍വശത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചു. എസ്ബിഐ ബാങ്കില്‍ പോയി. വൈകീട്ട് ഗ്രീന്‍സ്റ്റാര്‍ ക്ലബ്ബില്‍ പോയി.
14 ാം തിയ്യതി മഞ്ഞത്തടുക്കയിലെ ഒരു കല്യാണത്തില്‍ പങ്കെടുത്തു. രാത്രി പെട്രോള്‍ പമ്പില്‍ പോയി. പിന്നീട് അടൂരിലെ ഒരു വീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
15ാം തിയ്യതി മഞ്ഞത്തടുക്കയില്‍ നടന്ന വിവാഹത്തിന്റെ സല്‍ക്കാരത്തില്‍ പങ്കെടുത്തു.
16 ാം തിയ്യതി ഒരു പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തു. പിന്നീട് കുളങ്ങരയില്‍ തൊട്ടില്‍ കെട്ടല്‍ ചടങ്ങില്‍ പങ്കെടുത്തു.
19ാം തിയ്യതി ആശുപത്രിയില്‍ അഡ്മിറ്റായി.




