കണ്ണൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കണ്ണൂര്‍: കണ്ണൂരില്‍ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എകെ ശ്രീലേഖ (69) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എകെ ശ്രീലേഖ.

വൈകീട്ട് 5 മണിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവര്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് വളപട്ടണം പൊലീസും സ്ഥലത്തെത്തി. ഇരുവരെയും വ്യാഴാഴ്ച വീട്ടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഗേറ്റിലെ ബോക്‌സില്‍ ദിനപത്രവും എടുക്കാതെ ഉണ്ടായിരുന്നു. വീട് അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിന്‍ഭാഗം പൊട്ടി രക്തം വാര്‍ന്ന നിലയിലാണ്.

ഭര്‍ത്താവ് പ്രേമരാജന്‍ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. സിറ്റി പൊലീസ് കമീഷണര്‍ പി. നിധിന്‍ രാജ്, ഇന്‍സ്‌പെക്ടര്‍ പി. വിജേഷ്, എസ്.ഐ ടി.എം. വിപിന്‍ എന്നിവര്‍ വീട്ടില്‍ പരിശോധന നടത്തി. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് രാവിലെ നടക്കും. പ്രേമരാജന്‍ സാവോയി ഹോട്ടലിലെ മാനേജറായി ജോലി ചെയ്തിരുന്നു. മക്കള്‍: പ്രബിത്ത് (ആസ്‌ട്രേലിയ), ഷിബിന്‍ (ബഹ്‌റൈന്‍).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top