ഒരു കുടുംബത്തിലെ 23 പേര്‍ക്ക് കൊറോണ; ജില്ല തന്നെ സീല്‍ ചെയ്തു

പാട്‌ന: ഒരു കുടുംബത്തിലെ 23 പേര്‍ക്ക് കൊവിഡ് 19 ബാധിച്ചതായി റിപ്പോര്‍ട്ട്. ബീഹാറിലെ സിവാന്‍ ജില്ലയില്‍ നിന്നാണ് ഏറെ ദുഃഖകരമായ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇരുപത്തിമൂന്ന് പേരില്‍ നിന്നും സ്വീകരിച്ച സാമ്പിള്‍ ഫലം പോസറ്റീവ് ആയതോടെ സിവാന്‍ ജില്ല തന്നെ സീല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍ ശക്തമാക്കുന്നതിനായി ജില്ലയില്‍ ബീഹാര്‍ മിലറ്ററി പോലീസിനെ വിന്യസിച്ചു.

ഒമാനില്‍ നിന്നുമെത്തിയ ആളില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് 16നാണ് വിദേശത്തുനിന്നും എത്തിയത്. ഏപ്രില്‍ 4നാണ് ഇയാള്‍ക്ക് റിസല്‍ട്ട് പോസറ്റീവ് ആയത്. ഇതിനിടയില്‍ ജില്ലയിലെ നിരവധിയിടങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചിരുന്നു. ഇയാളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം ഇപ്പോള്‍ രോഗം ബാധിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

പാറ്റനയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെയുള്ള ഈ ജില്ലയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അരലക്ഷത്തോളം പേര്‍ ഇവിടെനിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.
സിവാന്‍ ജില്ലയില്‍ ഇതിനോടകം 31 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. നാലുപേര്‍ക്ക് രോഗം മാറിയതായും റിപ്പോര്‍ട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top