മലപ്പുറം: പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികളും തിരിച്ചെത്താനുള്ള സാഹചര്യം മുന്‍നിര്‍ത്തി കോവിഡ് 19 വ്യാപനം തടയുന്നതിന് മലപ്പുറം ജില്ലയില്‍ ജില്ലാ ഭരണകൂടം വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ആവശ്യമായ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ നേരിട്ട് കോവിഡ് കെയര്‍ സെന്ററുകളിലേക്കയച്ച് നിരീക്ഷണം ഏര്‍പ്പെടുത്തും. രോഗ ലക്ഷണങ്ങളുള്ളവരെ ആശുപത്രികളില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും.
പ്രത്യേക നിരീക്ഷണത്തിന് കോവിഡ് കെയര്‍ സെന്ററുകള്‍
ജില്ലയില്‍ 15 കോവിഡ് കെയര്‍ സെന്ററുകളാണ് ആരോഗ്യ വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. ഈ കേന്ദ്രങ്ങളില്‍ ശുചിമുറികളോടുകൂടിയ 713 മുറികള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയിലെ ഹോസ്റ്റല്‍, കീഴാറ്റൂരിലെ സ്വകാര്യ ഫാര്‍മസി കോളജ് ഹോസ്റ്റല്‍, മഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റല്‍, കാളികാവിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലാണ് വീടുകളില്‍ സ്വയം നിരീക്ഷണത്തിന് സൗകര്യങ്ങളില്ലാത്തവരും ഇതര സംസ്ഥാനങ്ങളിലുള്ളവരും വിദേശ പൗരന്മാരും നിലവില്‍ കഴിയുന്നത്.
മലപ്പുറം ശിക്ഷക് സദന്‍, കുറ്റിപ്പുറത്തെ സ്വകാര്യ ദന്താശുപത്രി, കരിപ്പൂരിലെ ഹജ്ജ് ഹൗസ് എന്നിവയും പ്രവര്‍ത്തന സജ്ജമാണ്.
കോട്ടക്കല്‍ അധ്യാപക സദന്‍, വെട്ടത്തൂരിലെ സ്വകാര്യ അറബിക് കോളജ് ഹോസ്റ്റല്‍, പൊന്മളയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം, തവനൂര്‍ കെ.സി.എ.ഇ.ടി, തിരൂരങ്ങാടി പോളി ടെക്നിക് കോളജ്, വാഴയൂരിലെ സ്വകാര്യ കോളജ്, പട്ടിക്കാട് വലമ്പൂരിലെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, രാമപുരത്തെ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്നിവയാണ് ഏറ്റെടുത്ത മറ്റ് കോവിഡ് കെയര്‍ സെന്ററുകള്‍.
ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളും 12 നഗരസഭകളും പ്രത്യേക കോവിഡ് കെയര്‍ സെന്ററുകള്‍ക്കായി കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് ഈ കേന്ദ്രങ്ങള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറും. കൂടുതല്‍ പേര്‍ക്ക് നിരീക്ഷണം ആവശ്യമായി വരികയാണെങ്കില്‍ വിവിധ മത സ്ഥാപനങ്ങളുടേതടക്കമുള്ള ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയും ഏറ്റെടുത്ത് നിരീക്ഷണ കേന്ദ്രങ്ങളാക്കും. സര്‍ക്കാര്‍ ഒരുക്കുന്ന പൊതു കേന്ദ്രങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് സ്വന്തം ചിലവില്‍ സ്വകാര്യ ഹോട്ടല്‍ മുറികളില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
പ്രതിരോധത്തിനൊപ്പം ചികിത്സക്കും വിപുലമായ ക്രമീകരണങ്ങള്‍
കോവിഡ് 19 സ്ഥിരീകരിച്ചവര്‍ക്കും രോഗ ലക്ഷണങ്ങളുള്ളവര്‍ക്കും മികച്ച ചികിത്സയാണ് ജില്ലയില്‍ ഉറപ്പാക്കിയിരിക്കുന്നത്. ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശുചിമുറി സംവിധാനത്തോടെയുള്ള 556 മുറികളാണ് രോഗികള്‍ക്കായുള്ളത്. 22 വെന്റിലേറ്ററുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലുണ്ട്. 53 ഡോക്ടര്‍മാര്‍, 64 സ്റ്റാഫ് നഴ്സ്, 30 നഴ്സിംഗ് അസിസ്റ്റന്റ്, എട്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 32 ശുചീകരണ തൊഴിലാളികള്‍ എന്നിവരാണ് പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, നോഡല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ സേവനത്തിലുള്ളത്. ആവശ്യം വരുന്ന ഘട്ടത്തില്‍ ഉപയോഗിക്കാന്‍ എടപ്പാള്‍ ശ്രീവത്സം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ജില്ലയിലെ രണ്ടാമത്തെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ 100 ബെഡുകളോടു കൂടിയ മുറികളാണുള്ളത്.
കോവിഡ് പ്രാഥമിക പരിശോധന കേന്ദ്രങ്ങളായി അഞ്ച് സര്‍ക്കാര്‍ ആശുപത്രികളും അഞ്ച് സ്വകാര്യ ആശുപത്രികളും ഐസൊലേഷന്‍ കേന്ദ്രങ്ങളായി ജില്ലയിലുണ്ട്. ശുചിമുറികളോടു കൂടിയ 178 മുറികളും 56 വെന്റിലേറ്ററുകളുമാണ് ഈ ആതുരാലയങ്ങളിലുള്ളത്. 80 ഡോക്ടര്‍മാര്‍, 120 സ്റ്റാഫ് നഴ്സ്, 11 നഴ്സിങ് അസിസ്റ്റന്റ്, 30 ഫാര്‍മസിസ്റ്റുകള്‍ മറ്റു ജീവനക്കാര്‍ എന്നിവരുടെ സേവനവും ഐസൊലേഷന്‍ കേന്ദ്രങ്ങളിലുണ്ട്.
ഐസൊലേഷന്‍ കേന്ദ്രങ്ങളും സൗകര്യങ്ങളും
തിരൂര്‍ ജില്ലാ ആശുപത്രി
10 പേ വാര്‍ഡുകള്‍, എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ്, 1 വെന്റിലേറ്റര്‍.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി
എട്ട് പേ വാര്‍ഡുകള്‍, എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, 1 നഴ്സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ്, 1 വെന്റിലേറ്റര്‍.
നിലമ്പൂര്‍ ജില്ലാ ആശുപത്രി
12 പേ വാര്‍ഡ്, എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ്.
പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി
ഒമ്പത് പേ വാര്‍ഡ്, എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, രണ്ട് നഴ്സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ്.
പൊന്നാനി താലൂക്ക് ആശുപത്രി
ഒമ്പത് പേ വാര്‍ഡ്, എട്ട് ഡോക്ടര്‍മാര്‍, 12 സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റന്റ്, 3 ഫാര്‍മസിസ്റ്റ്.
ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ അഞ്ച് സ്വകാര്യ ആശുപത്രികള്‍
130 റൂമുകള്‍, 40 ഡോക്ടര്‍മാര്‍, 60 സ്റ്റാഫ് നഴ്സ്, അഞ്ച് നഴ്സിംഗ് അസിസ്റ്റന്റ്, 15 ഫാര്‍മസിസ്റ്റുകള്‍, 54 വെന്റിലേറ്ററുകള്‍.
കൂടുതല്‍ രോഗികളെ കിടത്തി ചികിത്സക്കും നിരീക്ഷണത്തിലുമാക്കാന്‍ മലപ്പുറം, വണ്ടൂര്‍, കുറ്റിപ്പുറം, അരീക്കോട്, കൊണ്ടോട്ടി താലൂക്ക് ആശുപത്രികളിലും മറ്റ് 11 സര്‍ക്കാര്‍ ആശുപത്രികളിലും ആയുഷിന് കീഴിലുള്ള നാല് ആശുപത്രികള്‍, 82 സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി 421 വാര്‍ഡുകളിലായി 869 ബെഡുകളോടെയുള്ള സൗകര്യങ്ങളും 21 വെന്റിലേറ്റര്‍ സംവിധാനങ്ങളും സജ്ജമാണ്. ഈ കേന്ദ്രങ്ങളില്‍ 137 ഡോക്ടര്‍മാര്‍, 157 സ്റ്റാഫ് നഴ്സ്, 102 നഴ്സിങ് അസിസ്റ്റന്റുമാര്‍, 112 ഫാര്‍മസിസ്റ്റുകള്‍ എന്നിവരുടെ സേവനവും നിലവില്‍ ഉറപ്പാക്കിയിട്ടുണ്ട്.




