Section

malabari-logo-mobile

പെരിന്തല്‍മണ്ണയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടാന്‍ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കും; എംഎല്‍എ

HIGHLIGHTS : പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാന്‍ നജീബ് കാന്തപുരം എം.എല്...

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത കൂട്ടുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാക്കാന്‍ നജീബ് കാന്തപുരം എം.എല്‍.എ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി. മുടങ്ങിക്കിടക്കുന്ന പ്രവര്‍ത്തികളുടെ സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രവൃത്തികള്‍ പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കും. ജല വകുപ്പ്, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു.

പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി. എല്ലാ പ്രവൃത്തികളും വേഗത്തിലാക്കാനും നിശ്ചിത സമയത്തിനകം പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു. പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റിയിലെ ഊട്ടി റോഡിലെ കല്‍വര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പദ്ധതി പ്രദേശത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 30) സന്ദര്‍ശനം നടത്തും.

sameeksha-malabarinews

റോഡ് നിര്‍മാണത്തിന്റെ ഭാഗമായി തകരാറിലായ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ അടിയന്തിരമായി പുനസ്ഥാപിക്കാനും തീരുമാനമായി. വിവിധ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് ക്രോസിങ് ആവശ്യമുള്ള സ്ഥലങ്ങളില്‍ അനുമതി വേഗത്തില്‍ ലഭ്യമാക്കും. പെരിന്തല്‍മണ്ണ ചില്ലീസ് ജംങ്ഷന്‍, ട്രാഫിക് ജംങ്ഷനില്‍നിന്ന് പട്ടാമ്പി റോഡിലേക്ക് തിരിയുന്ന ഭാഗം എന്നിവിടങ്ങളില്‍ റോഡിലെ ഗര്‍ത്തങ്ങള്‍ നികത്തുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യും.
റോഡ് നിര്‍മാണത്തിന്റെ ഭാഗമായി പാടത്തേക്ക് ട്രാക്ടറുകള്‍ ഇറക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന പ്രദേശത്ത് ട്രാക്ടര്‍ റോഡ് നിര്‍മിക്കും. പ്രവൃത്തി മുടങ്ങിക്കിടക്കുന്ന ആനമങ്ങാട്-മണലായ- മുതുകുര്‍ശ്ശി റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി, പെതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ നജീബ് കാന്തപുരം എം.എല്‍.എ അധ്യക്ഷനായി. മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. ഷാജി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.എം. മുസ്തഫ, സി.ടി. നൗഷാദലി, പി. സൗമ്യ, സോഫിയ ടീച്ചര്‍, സി. സുകുമാരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ എസ്. എസ് പ്രദീപ് ചന്ദ്ര, എസ്. എ ഫൈസല്‍, എം.അരുണ്‍, കെ.അനസ്, ഷെറിന്‍ ബീഗം, വി.സുരേഷ്, ജോസഫ് മാത്യു, ആര്‍. ശരവണന്‍, പി.മുഹമ്മദ് അസ്ലഹ്, ടി.പി. റൗഫ്, വി. കെ മോഹന്‍ദാസ്, ഇ. വി സഹീറലി, കെ.ഷംഷീറലി, കെ.റിയാസ്, പി.പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!