കോഴിക്കോട് : സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കേസിലെ വിവാദ പരാമര്‍ശത്തില്‍ സ്ഥലം മാറ്റിയതിനെതിരെ ജഡ്ജി ഹൈക്കോടതിയെ സമീപിച്ചു . കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണ കുമാറാണ് ഹര്‍ജി നല്‍കിയത്. ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്കാണ് അദ്ദേഹം പരാതി നല്‍കിയത്.
കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു . ഇതിന് പിന്നാലെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ജഡ്ജിയെ സ്ഥലം മാറ്റുകയായിരുന്നു. കൊല്ലം ലേബര്‍ കോടതിയിലേക്കാണ് സ്ഥലം മാറ്റിയത്.
ഹൈക്കോടതി നടപടി നിയമവിരുദ്ധമെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. ചട്ടങ്ങള്‍ പാലിച്ചല്ല അഡ്മിനിസ്‌ട്രേറ്റിവ് വിഭാഗത്തിന്റെ നടപടി യെന്നും ഹര്‍ജിയില്‍ എസ്. കൃഷ്ണ കുമാര്‍ പറയുന്നു.
എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിച്ചത്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമെന്ന് അടക്കം വിവാദ പരാമര്‍ശമുള്ള കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.




