ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രപതി ഭവന്‍ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എ.ഐ.സി.സി ആസ്ഥാനത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആസ്ഥാനത്തെ പൊലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു കോണ്‍ഗ്രസ് എം.പിമാരുടെ രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്. കോണ്‍ഗ്രസ് പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് നേരത്തെ ഡല്‍ഹിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വിലക്ക് ലംഘിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധം. വിജയ് ചൗക്കില്‍ പ്രതിഷേധം ആരംഭിക്കുമ്പോള്‍ തന്നെ എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങളുടെ വിഷയം ഉയര്‍ത്തിയാണ് മാര്‍ച്ചെന്നും എന്നാല്‍ ചില എം.പിമാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്തു നീക്കുകയുമാണ് പൊലീസ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു. കായികമായി കൈകാര്യം ചെയ്താലും പ്രതിഷേധം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി.
വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തുന്നത്. രണ്ടു വിഷയങ്ങളിലും പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം കോണ്‍ഗ്രസ് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായ പ്രതിഷേധം. എന്നാല്‍, നാഷനല്‍ ഹെറാള്‍ഡ് കേസിലെ ഇ.ഡി നടപടിയുടെ കൂടി പശ്ചാത്തലത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
രാഷ്ട്രപതി ഭവനിലേക്ക് കോണ്‍ഗ്രസ് എം.പിമാരും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മറ്റ് കോണ്‍ഗ്രസ് നേതാക്കളുമാണ് മാര്‍ച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ രാജ്ഭവനുകളിലേക്കും മാര്‍ച്ച് നടക്കുന്നുണ്ട്




