സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു; മൂന്നുദിവസം ദുഃഖാചരണം, ഭൗതിക ശരീരം വൈദ്യപഠനത്തിന്

തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യശക്തികള്‍ക്ക് പൊതുവിലും ഇടതുപക്ഷ പ്രസ്ഥാനത്തിന് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ് സീതാറാം യെച്ചൂരിയുടെ വേര്‍പാടിലൂടെ ഉണ്ടായിട്ടുള്ളതെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ പ്രസ്താവിച്ചു.

മിടുക്കനായ വിദ്യാര്‍ഥിയും ഊര്‍ജ്ജസ്വലനായ വിദ്യാര്‍ഥിപ്രവര്‍ത്തകനുമായി പൊതുജീവിതം ആരംഭിച്ച അദ്ദേഹം പ്രഗത്ഭനായ പാര്‍ലമെന്റേറിയനായും മതേതരശക്തികളുടെ വക്താവായും ധിഷണാശാലിയായ രാഷ്ട്രീയ സൈദ്ധാന്തികനായും രാജ്യത്തിന്റെ പൊതുരംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും ബന്ധുമിത്രങ്ങളുടെയും ദുഃഖത്തില്‍ ഹൃദയ ഭാരത്തോടെ പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഫാസിസത്തിനും നവകോളനീകരണത്തിനുമെതിരായ ഇന്ത്യയുടെ ശക്തമായ നാവാണ് നിലച്ചുപോയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

ഏറ്റവും നിര്‍ണ്ണായകമായ കാലത്ത് മതനിരപേക്ഷ ഇന്ത്യയുടെ പതാക ഉയര്‍ത്തിപ്പിടിക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തിന് സംഭാവന ചെയ്ത വിപ്ലവപ്രതിഭയെയാണ് നഷ്ടമായിരിക്കുന്നത് – മന്ത്രി അനുസ്മരിച്ചു.

വിദ്യാര്‍ഥിനേതാവില്‍ നിന്ന് പാര്‍ട്ടിയുടെ സമുന്നത സമിതിയിലേക്ക് ഇഎംഎസ് കൈപ്പിടിച്ച് ചുമതലയേല്‍പ്പിച്ചത് ഇന്ത്യയുടെ സമകാലവെല്ലുവിളികളെ ദീര്‍ഘദര്‍ശനം ചെയ്തായിരുന്നുവെന്ന് സഖാവ് സീതാറാമിന്റെ പ്രോജ്ജ്വലമായ വിപ്ലവജീവിതം എന്നും സാക്ഷ്യം നില്‍ക്കുന്നു. പ്രത്യയശാസ്ത്ര പോരാട്ടത്തിലും ദൈനംദിന സമരപോരാട്ടങ്ങളിലും വിദ്യാര്‍ത്ഥിതുല്യമായ അതേ തേജസ്സോടെ അവസാനനാളുകള്‍ വരെയും ആ കര്‍ത്തവ്യബോധം ജ്വലിച്ചുനിന്നു.

തൊഴിലാളികളുടെയും കര്‍ഷകജനതയുടെയും സൃഷ്ടിയായ സ്വതന്ത്രഭാരതത്തെ വീണ്ടും സാമ്രാജ്യനുകങ്ങളിലേക്ക് കെട്ടാനുള്ള ശ്രമങ്ങളില്‍ ഭരണവര്‍ഗ്ഗത്തിനു മേല്‍ ഇടിത്തീയായിരുന്നു പാര്‍ലമെന്റിലായാലും ജനവീഥികളിലായാലും അക്കാദമിക വ്യവഹാരങ്ങളിലായാലും സീതാറാമിന്റെ ശബ്ദം. ആശയതെളിമയുടെ നിലക്കാത്ത ആ മുഴക്കങ്ങള്‍ പ്രതിസന്ധിയുടെ ഇരുണ്ടകാലത്തെ മുറിച്ചുകടക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും ഇന്ത്യന്‍ ജനതയും വരും കാലങ്ങളിലും നെഞ്ചില്‍ സൂക്ഷിക്കും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാര്‍ട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദന്‍ അറിയിച്ചു. എകെജി സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കള്‍ അറിയിച്ചു. രാത്രി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ വെക്കും. നാളെ എകെജി ഭവനില്‍ രാവിലെ 11 മണി മുതല്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. മൂന്നു മണിക്ക് ശേഷം ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി വിട്ടുനല്‍കും. യെച്ചൂരിയെ അവസാനമായി കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയിലേക്ക് തിരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top